Home Top Storiesമിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി; പഴയ ഭരണസമിതിയെ ഉടൻ തിരിച്ചെത്തിക്കണം

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി; പഴയ ഭരണസമിതിയെ ഉടൻ തിരിച്ചെത്തിക്കണം

by news_desk1
0 comments

കൊച്ചി: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ട സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. അഡ്മിനിസ്ട്രേറ്റീവ് ഭരണം അവസാനിപ്പിച്ച് നേരത്തെയുണ്ടായിരുന്ന ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാനും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതോടെ സർക്കാരിന് കനത്ത തിരിച്ചടിയായി കോടതി വിധി.

ഭരണസമിതിയംഗങ്ങൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പുറത്താക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ സർക്കാർ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭരണസമിതിക്ക് നോട്ടീസ് നൽകുകയോ വിശദീകരണം കേൾക്കുകയോ ചെയ്തിരുന്നില്ല. അതേസമയം, ഭരണസമിതിയംഗങ്ങളുടെ വാദം കേട്ട് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചശേഷം സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലേക്ക് വിതരണം ചെയ്ത നെയ്യിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് ഭരിച്ചിരുന്ന മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്റെ ഭരണസമിതിയെ സർക്കാർ പിരിച്ചുവിട്ടത്. കേരള സഹകരണ സംഘം നിയമത്തിലെ 32-ാം വകുപ്പ് പ്രകാരം 2026 ജൂലൈ 25നായിരുന്നു നടപടി. സർക്കാർ ഉത്തരവ് നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ഭരണസമിതിയംഗങ്ങൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

മിൽമ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ് തൊട്ടടുത്തിരിക്കെയായിരുന്നു സർക്കാർ ഭരണസമിതിയെ പിരിച്ചുവിട്ടത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭരണസമിതിയെ പുറത്താക്കിയതെന്ന അപ്പീലിലെ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കിയത്.

You may also like