തിരുവനന്തപുരം: വേർപാടിന്റെ കടുത്ത വേദനയിലും മറ്റ് എട്ടുപേർക്ക് ജീവന്റെ വെളിച്ചമേകി പതിനേഴുകാരൻ രുദ്രേഷ് നാടിന്റെ കണ്ണീരോർമ്മയാകുന്നു. ബൈക്ക് അപകടത്തിൽപ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം കരമന സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ രുദ്രേഷ് എസ്.ആറിന്റെ (17) അവയവങ്ങളാണ് മാതാപിതാക്കൾ ദാനം ചെയ്യാൻ തയ്യാറായത്. രുദ്രേഷിന്റെ ഹൃദയവുമായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് എയർ ആംബുലൻസ് പറന്നുയർന്നു.
തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസ് വഴി എറണാകുളം ലിസി ആശുപത്രിയിലെത്തിക്കുന്ന ഹൃദയം, അവിടെ ചികിത്സയിലുള്ള 43 വയസ്സുകാരനിലാണ് തുന്നിച്ചേർക്കുന്നത്. തിങ്കളാഴ്ച രാത്രി കരമന കിള്ളിപ്പാലത്തുവെച്ച് സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്നുണ്ടായ ദാരുണ അപകടത്തിലാണ് രുദ്രേഷിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു. സുരേഷ് ബി. – രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്.
ഹൃദയത്തിന് പുറമെ രുദ്രേഷിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്കും, രണ്ടാമത്തെ വൃക്കയും പാങ്ക്രിയാസും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കും നൽകും. നേത്രപടലങ്ങൾ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രോഗികൾക്കാണ് ദാനം ചെയ്യുന്നത്. സ്വന്തം മകന്റെ വേർപാടിലും എട്ട് മനുഷ്യർക്ക് ജീവന്റെ തുടിപ്പേകാൻ മനസ്സുകാട്ടിയ ആ മാതാപിതാക്കളുടെ തീരുമാനം നാടിന്റെ പ്രണാമാവഹമായി മാറുകയാണ്.
