തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടി രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്താനുള്ള പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം വിനയായി. സംഭവം വിവാദമായതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി റദ്ദാക്കുകയും ഉത്തരവിറക്കിയതിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി നേരിട്ട് റിപ്പോർട്ട് തേടുകയും ചെയ്തു. സർക്കാരിന്റെ നിർദ്ദേശം മറികടന്ന് ഉത്തരവിറക്കിയതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തിയിലാണ്.
സർക്കാർ അധികാരത്തിലെത്തിയപ്പോൾ തന്നെ ക്ലിഫ് ഹൗസിൽ അനാവശ്യമായ മോടിപിടിപ്പിക്കലോ അധിക നിർമ്മാണങ്ങളോ നടത്തരുതെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ 2022 മുതൽ തയ്യാറാക്കിയ സേഫ്റ്റി ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറങ്ങിയതെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ എസ്റ്റിമേറ്റ് അനുസരിച്ചുള്ള വലിയ നിർമ്മാണങ്ങൾ ഒഴിവാക്കി അവശ്യം വേണ്ട നവീകരണങ്ങൾ മാത്രം നടത്തിയാൽ മതിയെന്ന നിർദ്ദേശം മറികടന്ന് ഉദ്യോഗസ്ഥ തലത്തിൽ ഉത്തരവിറങ്ങിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
