Home Keralaമന്ത്രിയറിയാതെ മൂന്ന് ബിയർ–വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ്; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും

മന്ത്രിയറിയാതെ മൂന്ന് ബിയർ–വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ്; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും

by news_desk1
0 comments

തിരുവനന്തപുരം: എക്സൈസ് മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ മൂന്ന് ബിയർ–വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം ഉണ്ടായേക്കും. ലൈസൻസ് അനുവദിച്ചതിൽ ബാഹ്യ ഇടപെടലുണ്ടായെന്ന വിവരം മന്ത്രിക്ക് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം സംബന്ധിച്ച ആലോചന. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ മുൻ സർക്കാർ കൊണ്ടുവന്ന ചട്ടങ്ങൾ പ്രകാരം നടപടികളൊന്നും സ്വീകരിക്കരുതെന്ന് നിർദേശിച്ച് സർക്കുലർ ഇറക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.

എറണാകുളത്തെ രണ്ട് ബിയർ–വൈൻ പാർലറുകളുടെ ബാർ ലൈസൻസ് ജൂണിലാണ് പുതുക്കിയത്. ഇതിലൊന്നിന് അപേക്ഷ നൽകി തൊട്ടടുത്ത ദിവസം തന്നെ ലൈസൻസ് അനുവദിച്ചു. പാലായിലെ മറ്റൊരു സ്ഥാപനത്തിന് സെപ്റ്റംബർ അവസാനത്തോടെ അപേക്ഷ നൽകിയപ്പോൾ ഒക്ടോബർ മൂന്നിന് ലൈസൻസ് ലഭിച്ചു. നിയമസഭാ ചോദ്യത്തിന് മറുപടി നൽകുന്നതിനായി സംസ്ഥാനത്തെ ബാറുകളുടെ എണ്ണം പരിശോധിച്ചപ്പോഴാണ് സർക്കാരിന്റെ കാലയളവിൽ നടന്ന ഈ മൂന്ന് ലൈസൻസ് പുതുക്കലുകളെക്കുറിച്ച് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.

2014ൽ ബാറുകൾ പൂട്ടിയതിനെത്തുടർന്ന് ബിയർ–വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളാണിവ. മൂന്ന് സ്റ്റാർ ഹോട്ടലായി ഉയർത്തിയാൽ ബാർ ലൈസൻസ് അനുവദിക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി 2017ൽ ഇടതുസർക്കാർ ചട്ടഭേദഗതി കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം ലൈസൻസ് പുതുക്കാനുള്ള അധികാരം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്കുണ്ട്.

എന്നാൽ പുതിയ മദ്യനയം തീരുമാനിക്കാനിരിക്കെ സർക്കാരിന്റെ അറിവില്ലാതെ ലൈസൻസ് പുതുക്കിയതിൽ നടപടി സ്വീകരിക്കുകയായിരുന്നു. ലൈസൻസ് അനുവദിച്ച ഡെപ്യൂട്ടി കമ്മിഷണർമാരായ പി.കെ. സതീഷ്, ഷിബു പി.എൽ. എന്നിവരെ സസ്പെൻഡ് ചെയ്തു. വിരമിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടർന്നാണ് നടപടികൾ ഇത്ര വേഗത്തിൽ പൂർത്തിയാക്കിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം സംബന്ധിച്ച സാധ്യത പരിശോധിക്കുന്നത്.

ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയശേഷം ജോയിന്റ് കമ്മിഷണർ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും മന്ത്രി ആലോചിക്കുന്നുണ്ട്. പുതുക്കിയ ലൈസൻസുകൾ റദ്ദാക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ട്. ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് പുതുക്കാനുള്ള അധികാരം പിൻവലിക്കാനാകുമോയെന്നും പരിശോധിക്കുന്നുണ്ട്. ചട്ടപ്രകാരമാണ് ലൈസൻസ് പുതുക്കിയതെന്ന എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് തള്ളിയാണ് മന്ത്രിയുടെ തുടർനീക്കങ്ങൾ.

പുതിയ ബാറുകൾ തുടങ്ങുന്നതിനായി 29 അപേക്ഷകളാണ് നിലവിൽ എക്സൈസ് വകുപ്പിന്റെ പരിഗണനയിലുള്ളത്. പുതിയ മദ്യനയം വരുന്നതുവരെ നടപടികൾ സ്വീകരിക്കരുതെന്ന് കമ്മിഷണറോട് നേരത്തേ നിർദേശിച്ചിരുന്നതായി മന്ത്രി വ്യക്തമാക്കിയിരുന്നു. ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കുന്നതിനും മന്ത്രിയെ അറിയിക്കാതെ ലൈസൻസ് നൽകിയിരുന്നു. ഇതേത്തുടർന്ന് അബ്കാരി ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി കമ്മിഷണറെയും മന്ത്രിയുടെ നിർദേശപ്രകാരം മാറ്റിയിരുന്നു.

You may also like