ന്യൂഡല്‍ഹി: ബി.ജെ.പി പ്രതിപക്ഷ വോട്ടുകൾ വെട്ടിമാറ്റി അധികാരം പിടിച്ചെടുക്കുകയാണെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യ (INDIA) സഖ്യം കടുത്ത പ്രക്ഷോഭത്തിലേക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയിൽ വെച്ച് സംഘടിപ്പിച്ച ‘ജനകീയ കുറ്റവിചാരണ’യിലാണ് ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രമേയം അവതരിപ്പിച്ചത്. ലോക്‌സഭാ മുൻ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇൻഡ്യ സഖ്യത്തിലെ പ്രമുഖ നേതാക്കൾ അണിനിരന്നു.
ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. പാർലമെന്റിന്റെ അനുമതിയില്ലാതെ ഫോം 6-ൽ മാറ്റം വരുത്തി കോടിക്കണക്കിന് യഥാർത്ഥ വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് നീക്കം ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരിരക്ഷ നൽകുന്ന നിയമഭേദഗതി ഉടനടി പിൻവലിക്കണമെന്നും, അനധികൃതമായി നീക്കം ചെയ്ത വോട്ടുകൾ പുനഃസ്ഥാപിച്ച് സുതാര്യവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
