കോഴിക്കോട്: തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ യു.ഡി.എസ്.എഫ്–എസ്.എഫ്.ഐ സംഘർഷം രൂക്ഷമായതോടെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സർവകലാശാലയിലെ പഠനവകുപ്പുകൾ ഉൾപ്പെടെ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തിക്കില്ല. പുരുഷ ഹോസ്റ്റലുകളിലുള്ള മുഴുവൻ വിദ്യാർഥികളോടും ഒഴിഞ്ഞുപോകാൻ അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ ബുധനാഴ്ച നടന്ന സർവകലാശാലാ തിരഞ്ഞെടുപ്പിനിടെയാണ് യു.ഡി.എസ്.എഫ്–എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടലുണ്ടായത്. ഉച്ചയോടെ തുടങ്ങിയ സംഘർഷം എസ്.എഫ്.ഐ എല്ലാ സീറ്റുകളിലും വിജയിച്ചെന്ന ഫലം പുറത്തുവന്നതിനു ശേഷവും അവസാനിച്ചില്ല. അർധരാത്രിയിലും അക്രമസംഭവങ്ങൾ തുടർന്നു.
ഉച്ചയ്ക്കുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ചേളാരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എസ്.എഫ്.ഐ പ്രവർത്തകരെ ലക്ഷ്യമിട്ട് എം.എസ്.എഫ് പ്രവർത്തകർ സംഘടിച്ചെത്തി ആക്രമണം നടത്തിയതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതിനു പിന്നാലെ പുലർച്ചെ രണ്ടരയോടെ എം.എസ്.എഫ് പ്രവർത്തകരായ സുഫിയാന്റെ ചാപ്പനങ്ങാടിയിലെ വീടിനും വളാഞ്ചേരിയിലെ നൗഫലിന്റെ വീടിനും നേരെ പെട്രോൾ ബോംബേറുണ്ടായി.
ക്യാമ്പസിലെ സംഘർഷം, ആശുപത്രി ആക്രമണം, പെട്രോൾ ബോംബേറ് തുടങ്ങിയ സംഭവങ്ങളിലായി ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. രണ്ട് യു.ഡി.എസ്.എഫ് പ്രവർത്തകരും നാല് എസ്.എഫ്.ഐ പ്രവർത്തകരുമാണ് പിടിയിലായത്.
എം.എസ്.എഫ് പ്രവർത്തകർക്കെതിരായ ആക്രമണത്തിലും വീടുകൾക്കു നേരെയുണ്ടായ പെട്രോൾ ബോംബേറിലും പങ്കുണ്ടെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകരായ അഹമ്മദ് മർഷദ്, മുഹമ്മദ് മിഥിലാജ്, ഹനീൻ, അഭിഷേക് എന്നിവരെ അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ കയറി ആക്രമണം നടത്തിയെന്ന കേസിൽ യു.ഡി.എസ്.എഫ് പ്രവർത്തകരായ ഷറഫുദ്ദീൻ, മുഹമ്മദ് ഫുഹാദ് എന്നിവരും പിടിയിലായി.
സംഘർഷത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കുന്നതിനായി സർവകലാശാല അധികൃതർ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ക്യാമ്പസ് അടച്ചതോടെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങളും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
