Home Nationalഉത്തരാഖണ്ഡിൽ വീണ്ടും ഹെലികോപ്റ്റർ ദുരന്തം; ആറുപേരുടെ ജീവനെടുത്ത അപകടത്തിൽ അന്വേഷണം തുടങ്ങി

ഉത്തരാഖണ്ഡിൽ വീണ്ടും ഹെലികോപ്റ്റർ ദുരന്തം; ആറുപേരുടെ ജീവനെടുത്ത അപകടത്തിൽ അന്വേഷണം തുടങ്ങി

by news_desk1
0 comments

ഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ആറുപേർ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് അപകടത്തിന്റെ കാരണം കണ്ടെത്താൻ പരിശോധന നടത്തുന്നത്. തുടർച്ചയായുണ്ടാകുന്ന ഹെലികോപ്റ്റർ അപകടങ്ങൾ ഉത്തരാഖണ്ഡിലെ വ്യോമസുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.

ബദരീനാഥിൽനിന്ന് ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് ഇന്നലെ ഉച്ചയ്ക്ക് ജോഷിമഠിലെ ഛായി ഗ്രാമത്തിന് സമീപം തകർന്നുവീണത്. ഉച്ചയ്ക്ക് 1.12ന് യാത്ര ആരംഭിച്ച ഹെലികോപ്റ്ററുമായുള്ള റഡാർ, റേഡിയോ ബന്ധങ്ങൾ രണ്ടുമിനിറ്റിനകം പൂർണമായും നഷ്ടമായി.

ഹെലികോപ്റ്റർ പെട്ടെന്ന് താഴേക്ക് പതിക്കുന്നത് സമീപത്തെ സൈനിക പോസ്റ്റിലുണ്ടായിരുന്ന സൈനികർ കണ്ടിരുന്നു. പിന്നാലെ താഴ്‌വരയിൽനിന്ന് കനത്ത പുക ഉയരുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് സൈന്യം, ദുരന്തനിവാരണസേന, പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്.

പൈലറ്റായ ഡൽഹി സ്വദേശി ക്യാപ്റ്റൻ ഹിമാൻഷു സബർവാളും യാത്രക്കാരായ ബെംഗളൂരു സ്വദേശികളായ അരുൺ സാലുങ്കെ, എച്ച്.എസ്. നടരാജ്, കെ. സുധീർ, ശങ്കർ ഗൗഡ എന്നിവരുമാണ് മരിച്ചത്.

അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന് തൊട്ടുമുമ്പ് ഇതേ പാതയിലൂടെ രണ്ട് ഹെലികോപ്റ്ററുകൾ സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയിരുന്നു. അതിനാൽ കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റമാണോ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്നാണ് അന്വേഷണസംഘം പ്രധാനമായും പരിശോധിക്കുന്നത്.

കഴിഞ്ഞ പത്തുവർഷത്തിനിടെ ഉത്തരാഖണ്ഡിൽ റിപ്പോർട്ട് ചെയ്യുന്ന പതിമൂന്നാമത്തെ ഹെലികോപ്റ്റർ അപകടമാണിത്. ആറ് അപകടങ്ങളിലായി മാത്രം 27 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. തീർഥാടന സീസണുകളിൽ കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി മേഖലകളിൽ സർവീസ് നടത്തുന്ന ഹെലികോപ്റ്ററുകളുടെ സുരക്ഷാ പരിശോധനകളിലെ വീഴ്ചയാണ് അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന പരാതിയും ഉയരുന്നുണ്ട്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ് ഭാരത് ഏവിയേഷന്റെ മുഴുവൻ ഹെലികോപ്റ്റർ സർവീസുകളും ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി താൽക്കാലികമായി റദ്ദാക്കി. അന്വേഷണ റിപ്പോർട്ടിലൂടെ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

You may also like