Home Top Storiesശബരിമല മിൽമ നെയ് ക്രമക്കേട്: ദേവസ്വം ഉദ്യോഗസ്ഥരുമായി ഒത്തുകളി; വിജിലൻസ് റിപ്പോർട്ട് പുറത്ത്

ശബരിമല മിൽമ നെയ് ക്രമക്കേട്: ദേവസ്വം ഉദ്യോഗസ്ഥരുമായി ഒത്തുകളി; വിജിലൻസ് റിപ്പോർട്ട് പുറത്ത്

by news_desk
0 comments

തിരുവനന്തപുരം: ശബരിമല മിൽമ നെയ് ക്രമക്കേട് കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് വിജിലൻസിന്റെ നിർണായക റിമാൻഡ് റിപ്പോർട്ട്. പ്രതികൾ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്ന് ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദേവസ്വം ജീവനക്കാരനും സ്റ്റോർ ചുമതലയുണ്ടായിരുന്നതുമായ തിരുവനന്തപുരം സ്വദേശി ജയലാലിനെ കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മിൽമയുടെ പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് എത്തിക്കാനായി ഏറ്റെടുത്ത 28 ലോഡ് നെയ്യിൽ 3 ലോഡ് നെയ്യ് തമിഴ്നാട്ടിലേക്ക് കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 11,040 കിലോഗ്രാം നെയ്യ് തമിഴ്നാട്ടിലെ സ്വകാര്യ ഏജൻസികൾക്ക് മറിച്ചുവിട്ടെന്നും, പകരം നിലവാരം കുറഞ്ഞ നെയ്യ് ശബരിമലയിൽ എത്തിച്ച് ഭക്തരെ കബളിപ്പിച്ചെന്നുമാണ് കേസ്. ഈ ക്രമക്കേടിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയ ജയലാൽ, ലാഭവിഹിതമായി തിരുവനന്തപുരത്ത് വെച്ച് 15 ലക്ഷം രൂപ കൈപ്പറ്റിയെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ട്രാൻസ്‌പോർട്ടേഷൻ കരാറുകാരൻ എസ്.എസ്. ബിനുവിനെ മൂന്ന് ദിവസത്തെ വിജിലൻസ് കസ്റ്റഡിയിൽ വാരി ചോദ്യം ചെയ്തതിലൂടെയാണ് ജയലാലിന്റെ പങ്കും ഗൂഢാലോചനയും പുറത്തുവന്നത്. കസ്റ്റഡി കാലാവധി കഴിഞ്ഞ ബിനുവിനെ പിന്നീട് തിരികെ ജയിലിലേക്ക് മാറ്റി. കേസിൽ കൂടുതൽ ദേവസ്വം ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

You may also like