കൊച്ചി: ചേരാനല്ലൂർ വാഹനാപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെയും 17കാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം. അപകടവിവരം പൊലീസ് വൈകിയാണ് അറിയിച്ചതെന്നും ഈ സമയത്തിനിടെ ജഡ്ജിയായ പിതാവ് സ്ഥലത്തെത്തി തെളിവുകൾ നശിപ്പിച്ചെന്നുമാണ് കുടുംബം മുഖ്യമന്ത്രിയോട് പരാതിപ്പെട്ടത്. ചിറ്റൂരിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളുടെ ആശങ്കകൾ കേൾക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ബന്ധുക്കൾ പറഞ്ഞു.
17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ കൊല്ലപ്പെട്ടിട്ട് ആറുദിവസം പിന്നിടുമ്പോഴാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. അതേസമയം, കേസിൽ 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അഡീഷണൽ സെഷൻസ് കോടതിയിൽ നൽകിയ അപ്പീലിൽ ഗുരുതരമായ നടപടിക്രമ പിഴവുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേരും മറ്റ് തിരിച്ചറിയൽ വിവരങ്ങളും ഉൾപ്പെടുത്തിയാണ് പ്രോസിക്യൂഷൻ അപ്പീൽ നൽകിയത്. കുടുംബം നൽകിയ അപ്പീലിലും കുട്ടിയുടെ വിവരങ്ങൾ ഉൾപ്പെട്ടിരുന്നു.
ഇത്തരത്തിലാണോ അപ്പീൽ സമർപ്പിക്കേണ്ടതെന്ന് കോടതി ചോദിച്ചു. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂർത്തിയാകാത്തയാളുടെ തിരിച്ചറിയൽ വെളിപ്പെടുത്തുന്നത് രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി ഓർമ്മിപ്പിച്ചു. തിരിച്ചറിയൽ വിവരങ്ങൾ ഒഴിവാക്കി പുതിയ അപ്പീൽ സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.
വാദത്തിനിടെ ജയബാലകൃഷ്ണന്റെ അനന്തരവൾ ജയലക്ഷ്മി കുടുംബത്തിന്റെ അഭിഭാഷകൻ ശ്രീജിത്തിനെതിരെ രംഗത്തെത്തിയതും കോടതിയിൽ നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. ജയബാലകൃഷ്ണന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി വക്കാലത്തിൽ ഒപ്പിടീച്ചെന്നാണ് ജയലക്ഷ്മി ആരോപിച്ചത്. എന്നാൽ, മകളാണ് തന്നെ കേസ് ഏൽപ്പിച്ചതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കുടുംബം തന്നെയാണ് അഭിഭാഷകൻ ശ്രീജിത്തിനെ ചുമതലപ്പെടുത്തിയതെന്നും ജയബാലകൃഷ്ണന്റെ മകൾ പിന്നീട് വ്യക്തമാക്കി.
അതിനിടെ, ചേരാനല്ലൂർ കേസിലെ വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയ കാളിരാജ് മഹേഷ്കുമാർ ഇന്ന് ചുമതല ഒഴിഞ്ഞു. 17കാരനുവേണ്ടി അഡീഷണൽ സെഷൻസ് ജഡ്ജി ഉൾപ്പെടെ ആരും തന്നെ വിളിച്ചിട്ടില്ലെന്ന് സ്ഥാനമൊഴിയവെ അദ്ദേഹം പറഞ്ഞു. പകരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി ആർ. നിശാന്തിനി ചുമതലയേറ്റു. ചേരാനല്ലൂർ കേസിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് പുതിയ കമ്മീഷണർ വ്യക്തമാക്കി.
