തിരുവനന്തപുരം: സ്കൂൾ കുട്ടികളുമായി നിരത്തിലിറങ്ങിയ ബസുകളിൽ മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പൊലീസ് പരിശോധനയിൽ പിടിയിലായി. സംസ്ഥാനവ്യാപകമായി 4504 സ്കൂൾ ബസുകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഒക്ടോബർ 30ന് രാവിലെ അഞ്ചുമുതൽ എട്ടുവരെയായിരുന്നു പൊലീസിന്റെ പ്രത്യേക പരിശോധന. പാലക്കാട്ടും മലപ്പുറത്തും അഞ്ചു വീതം ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തി. കോട്ടയത്ത് മൂന്ന് കേസുകളും കണ്ണൂരിൽ രണ്ടും രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും കണ്ടെത്തിയിട്ടുണ്ട്.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാണെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ പറഞ്ഞു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
