മോഹൻലാൽ മീശ പിരിച്ചെത്തുന്നു എന്നതുകൊണ്ട് മാത്രം പഴയ ആക്ഷൻ ചിത്രത്തിന്റെ മാതൃകയിൽ സിനിമ പ്രതീക്ഷിക്കരുത്. ‘അതിമനോഹരം’ എന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ആന്റണി പെരുമ്പാവൂരിന്റെ ഈ പ്രതികരണമാണ് ഇപ്പോൾ സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. ‘തുടരും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുണ്‍ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അതിമനോഹരം’. ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്.
ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കവേ, ഏറ്റവും വലിയ വിജയം തന്നെയാണ് ആഗ്രഹിക്കുന്നതെന്നും അതിനായുള്ള പ്രാർഥനയിലാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. എന്നാൽ മോഹൻലാൽ മീശ പിരിച്ചെത്തുന്നു എന്നതുകൊണ്ട് മാത്രം ‘നരസിംഹം’ പോലൊരു സിനിമ പ്രതീക്ഷിക്കരുതെന്നും തരുണ്‍ മൂർത്തിയുടെ ശൈലിയിലുള്ള ചിത്രമായാണ് അതിനെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യം ഓസ്റ്റിൻ ഡാൻ തോമസിന്റെ സംവിധാനത്തിൽ രതീഷ് രവിയുടെ തിരക്കഥയിൽ ‘എൽ 365’ എന്ന പേരിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. പൊലീസ് യൂണിഫോം ഉൾപ്പെടുത്തിയ പോസ്റ്ററാണ് അന്ന് പുറത്തുവിട്ടത്. പിന്നീട് ഓസ്റ്റിൻ ചിത്രത്തിൽനിന്ന് പിന്മാറുകയും തരുണ്‍ മൂർത്തിയുടെ സംവിധാനത്തിൽ ‘എൽ 366’ പ്രഖ്യാപിക്കപ്പെടുകയുമായിരുന്നു. രതീഷ് രവി തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്.
‘തുടരും’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജേക്സ് ബിജോയ് സംഗീതവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗോകുൽ ദാസാണ് കലാസംവിധാനം. വിഷ്ണു ഗോവിന്ദാണ് ശബ്ദസംവിധാനം നിർവഹിക്കുന്നത്. മഷർ ഹംസയാണ് വസ്ത്രാലങ്കാരം.
‘ദൃശ്യം 3’യ്ക്കു ശേഷം മോഹൻലാൽ ഭാഗമാകുന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണമാണ് ഇത്. ക്രിസ്മസ് റിലീസിനായി ഒരുങ്ങുന്ന സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
