Home Entertainment‘ബത്‌ലഹേം കുടുംബ യൂണിറ്റി’നെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

‘ബത്‌ലഹേം കുടുംബ യൂണിറ്റി’നെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

by news_desk
0 comments

തിരുവനന്തപുരം: തിരക്കുകൾക്കിടയിൽ നീണ്ട ഇടവേളയ്ക്ക് ശേഷം കണ്ട സിനിമ സമ്മാനിച്ച നൊമ്പരവും സന്തോഷവും പങ്കുവെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം ഒറ്റയിരുപ്പിൽ കണ്ട് തീർത്ത ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമ അത്രമേൽ ആസ്വദിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സിനിമയുടെ ട്രീറ്റ്‌മെന്റിലെ വ്യത്യസ്തതയും സ്വന്തം ചെറുപ്പകാലവുമായുള്ള സാമ്യതയുമാണ് തന്നെ ചിത്രത്തിലേക്ക് പെട്ടെന്ന് അടുപ്പിച്ചതെന്ന് മുഖ്യമന്ത്രി കുറിക്കുന്നു. അന്ന് കണ്ട നാട്ടിൻപുറങ്ങളും അവിടുത്തെ സാധാരണ മനുഷ്യരും അവരുടെ സ്നേഹവും ഊഷ്മളമായ പ്രണയവുമെല്ലാം ആദ്യാവസാനം തന്നെ പിടിച്ചിരുത്തി. ചിത്രീകരണം കണ്ട് കഴിഞ്ഞപ്പോൾ ‘എന്തേ കാണാൻ വൈകിപ്പോയി’ എന്നാണ് തോന്നിയതെന്നും അദ്ദേഹം പറയുന്നു. നായകനും നായികയും മാത്രമല്ല, ഒന്നോ രണ്ടോ സീനുകളിൽ മാത്രം വന്നുപോകുന്ന ചെറിയ കഥാപാത്രങ്ങൾ പോലും മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. നന്നായി ചിരിപ്പിക്കുകയും ഇടയ്ക്ക് വിഷമിപ്പിക്കുകയും ചെയ്ത ഈ ചിത്രം ഒരു കംപ്ലീറ്റ് ടീം വർക്കാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

സിനിമ കണ്ട് സംവിധായകൻ എ.ഡി. ഗിരീഷിനെയും നടൻ സംഗീത് പ്രതാപിനെയും നേരിട്ട് ഫോണിൽ വിളിച്ച് മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ കിട്ടിയില്ലെങ്കിലും, സിനിമയിലെ ‘പാവം ഗ്ലിക്സൻ’ തന്റെ മനസ്സിൽ ഇടംപിടിച്ചെന്നും അദ്ദേഹം പറയുന്നുണ്ട്. സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ ആസ്വാദന കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

You may also like