തിരുവനന്തപുരം: എസ്.എം.എ ബാധിച്ച കുട്ടികൾക്ക് നൽകുന്ന മരുന്നിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. മരുന്ന് നിർദേശിച്ചത് വിദഗ്ധ സമിതിയാണെന്നും രക്ഷിതാക്കളിൽനിന്ന് പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരുന്നിന്റെ പാക്കറ്റിൽ ‘ക്ലിനിക്കൽ ട്രയൽസ് ഓൺലി’ എന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും.
സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ബാധിച്ച കുട്ടികൾക്ക് നൽകുന്ന ഇന്ത്യൻ നിർമിത ജനറിക് മരുന്നിന്റെ പാക്കറ്റിലെ രേഖപ്പെടുത്തലാണ് രക്ഷിതാക്കളെ ആശങ്കയിലാക്കിയത്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ എസ്.എം.എ ക്ലിനിക്കിൽ മരുന്ന് വാങ്ങാനെത്തിയ നാലുപേർക്കാണ് ‘ഫിസിഷ്യൻസ് സാമ്പിൾ, ക്ലിനിക്കൽ ട്രയൽസ് ഓൺലി’ എന്ന് രേഖപ്പെടുത്തിയ പാക്കറ്റിൽ മരുന്ന് ലഭിച്ചത്. ഇതോടെ കുട്ടികളെ മരുന്ന് പരീക്ഷണത്തിന് വിധേയരാക്കുകയാണോ എന്ന ആശങ്കയുമായി മാതാപിതാക്കൾ രംഗത്തെത്തി.
മുമ്പ് സൗജന്യമായി നൽകിയിരുന്ന വിദേശ മരുന്നിന് പകരം ഏകദേശം 15,000 രൂപ വിലയുള്ള ഇന്ത്യൻ നിർമിത മരുന്നാണ് വിതരണം ചെയ്യുന്നത്. സ്വിസ് കമ്പനിയായ റോഷ് വിതരണം ചെയ്തിരുന്ന പഴയ മരുന്നിന്റെ ഒരു കുപ്പിക്ക് ഏകദേശം അഞ്ചരലക്ഷം രൂപയായിരുന്നു വില. ഇന്ത്യൻ കമ്പനിയായ നാറ്റ്കോ ‘നാറ്റ്സ്മാർട്ട്’ എന്ന പേരിൽ കുറഞ്ഞ വിലയ്ക്ക് മരുന്ന് ഉൽപ്പാദിപ്പിച്ചതോടെയാണ് വിലയിൽ വലിയ വ്യത്യാസമുണ്ടായത്.
പഴയ മരുന്ന് ഉപയോഗിച്ച് ആരോഗ്യനിലയിൽ പുരോഗതി കൈവരിച്ച കുട്ടികൾക്ക് പുതിയ മരുന്ന് അതേ ഫലപ്രാപ്തി നൽകുമോ എന്ന ആശങ്കയിലാണ് ചികിത്സയെ ആശ്രയിക്കുന്ന 108 കുട്ടികളുടെ കുടുംബങ്ങൾ. നിലവിൽ കൈവരിച്ച പുരോഗതി കുറഞ്ഞുപോകുമോയെന്നും രക്ഷിതാക്കൾ ഭയപ്പെടുന്നു.
മരുന്നിന്റെ ഗുണനിലവാരത്തിൽ സംശയമുണ്ടെങ്കിൽ അത് ഉന്നയിക്കാമെന്നും വിദഗ്ധ ഡോക്ടർമാർക്ക് ഇന്ത്യൻ നിർമിത മരുന്നിന്റെ ഗുണമേന്മയിൽ ആശങ്കയുണ്ടെങ്കിൽ അക്കാര്യം പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. നിലവിൽ മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ധ സമിതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിതരണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വില കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഇന്ത്യൻ മരുന്ന് ഉപയോഗിക്കുന്നതിലൂടെ കൂടുതൽ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാറ്റ്കോയുടെ മരുന്നിനെതിരെ പേറ്റന്റ് അവകാശം ഉന്നയിച്ച് റോഷ് നിയമനടപടി സ്വീകരിച്ചിരുന്നു. എന്നാൽ സുപ്രീം കോടതിയും ഡൽഹി ഹൈക്കോടതിയും ഉൾപ്പെടെയുള്ള കോടതികൾ ഹർജികൾ തള്ളുകയും നാറ്റ്കോയ്ക്ക് മരുന്ന് വിൽക്കാൻ അനുമതി ലഭിക്കുകയും ചെയ്തതോടെയാണ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഈ മരുന്ന് വാങ്ങാൻ തീരുമാനിച്ചത്.
