Home Top Storiesസുധാകരനെ പുറത്താക്കിയതുപോലെ എന്നെയും ഒറ്റപ്പെടുത്തുന്നോ? സതീശനെതിരെ അടൂർ പ്രകാശിന്റെ തുറന്നടിക്കൽ

സുധാകരനെ പുറത്താക്കിയതുപോലെ എന്നെയും ഒറ്റപ്പെടുത്തുന്നോ? സതീശനെതിരെ അടൂർ പ്രകാശിന്റെ തുറന്നടിക്കൽ

by news_desk1
0 comments

തിരുവനന്തപുരം: കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒറ്റപ്പെടുത്തി പുറത്താക്കിയതുപോലെ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് തന്നെ മാറ്റിനിർത്താൻ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായി അടൂർ പ്രകാശ്. യുഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പ്രധാന തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജനങ്ങൾക്ക് സംശയമുണ്ടാകാത്തവിധം വിശദീകരണം നൽകേണ്ടതുണ്ടെന്ന് അടൂർ പ്രകാശ് പറഞ്ഞു.

ഒരു അഭിമുഖത്തിലാണ് യുഡിഎഫിലെ അസ്വാരസ്യങ്ങളെക്കുറിച്ച് കൺവീനർ തുറന്നുപറഞ്ഞത്. കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒറ്റപ്പെടുത്തിയശേഷം പുറത്തേക്ക് പോകേണ്ട സാഹചര്യമുണ്ടാക്കിയെന്നാണ് തന്റെ വിലയിരുത്തലെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പിന്നിൽ ഒരു ഉപജാപക സംഘം പ്രവർത്തിച്ചിട്ടുണ്ടെന്നും ആരോപിച്ചു. അതേ രീതിയിൽ യുഡിഎഫ് കൺവീനറെയും ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുണ്ടോയെന്ന സംശയമാണ് ഇപ്പോഴുള്ളതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

വി.ഡി. സതീശനുമായി തനിക്ക് വ്യക്തിപരമായി സ്വരച്ചേർച്ചയില്ലായ്മ ഉണ്ടായിട്ടില്ലെന്നും അദ്ദേഹത്തിന് അങ്ങനെ തോന്നാൻ കാരണമെന്താണെന്ന് അറിയില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. തന്നെ യുഡിഎഫ് കൺവീനറായി നിയമിച്ചത് സതീശന്റെ അറിവോടെയാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരാതികൾ ഉന്നയിച്ചിട്ടും യുഡിഎഫ് യോഗം വിളിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചർച്ചയുണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് ചെയർമാനായ മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണ് സാധാരണ യോഗം വിളിക്കാറുള്ളതെന്നും എന്നാൽ ഇത്തവണ അത്തരമൊരു നിർദേശം ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.

യുഡിഎഫിലെ കൂടിയാലോചനകളുടെ അഭാവം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അടൂർ പ്രകാശ് വെളിപ്പെടുത്തി. പരാതി വായിച്ച ഖർഗെ തുടർനടപടികൾക്കായി ബന്ധപ്പെട്ടവർക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. പരാതിയുടെ പകർപ്പ് രാഹുൽ ഗാന്ധിക്കും നൽകിയിട്ടുണ്ട്. ഡൽഹിയിലെ സമരവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയെ ദിവസവും കാണാറുണ്ടെങ്കിലും കേരളത്തിലെ വിഷയം ചർച്ച ചെയ്യാനുള്ള സമയമല്ലെന്ന് കരുതിയതിനാൽ നേരിട്ട് സംസാരിച്ചിട്ടില്ലെന്നും വ്യക്തമാക്കി. കെ.സി. വേണുഗോപാലുമായി ഈ വിഷയത്തിൽ ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിലും അടൂർ പ്രകാശ് നിലപാട് വ്യക്തമാക്കി. യാത്രയെക്കുറിച്ച് ജനങ്ങൾ ചോദിക്കുന്നുണ്ടെങ്കിൽ, എന്താവശ്യത്തിനാണ് ആരോടൊപ്പമാണ് പോയതെന്ന് തുറന്നുപറയാനുള്ള ധൈര്യം കാണിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് സംശയമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ വ്യക്തതയുണ്ടാകണമെന്നും കൂട്ടിച്ചേർത്തു.

ഡൽഹിയിലെ സംസ്ഥാന പ്രതിനിധിയെയും ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനെയും നിയമിച്ച മന്ത്രിസഭാ തീരുമാനം താൻ പിറ്റേന്നത്തെ പത്രവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നും അടൂർ പ്രകാശ് പറഞ്ഞു. തീരുമാനം എടുത്ത ദിവസം മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറ്റ് മന്ത്രിമാരുമൊത്ത് ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിലും ഇക്കാര്യം അറിയിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. നിയമനങ്ങളിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ ഇത്തരമൊരു തീരുമാനത്തിന് മുമ്പ് കൂട്ടായ ആലോചന ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ അനവസരത്തിലായിരുന്നുവെന്ന വിമർശനത്തെയും അടൂർ പ്രകാശ് ചോദ്യം ചെയ്തു. പാർട്ടിക്കുള്ളിൽ കാര്യങ്ങൾ പറയാൻ അവസരമില്ലെന്നും പാർട്ടി കമ്മിറ്റികൾ ചേരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനം നടത്തിയത് യുഡിഎഫിലെ കൂടിയാലോചനകളുടെ അഭാവം മാത്രം ചർച്ച ചെയ്യാനല്ലെന്നും സർക്കാരിനെതിരായ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നുവെന്നും വിശദീകരിച്ചു. ഡൽഹിയിൽ ഒന്നിച്ചുനിന്ന് സമരം ചെയ്യുമ്പോൾ കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണ് സമരം നടക്കുന്നതെന്ന വിമർശനവും അന്ന് ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

തീരുമാനങ്ങൾ അറിയിക്കേണ്ടതും അറിയിക്കേണ്ടതില്ലാത്തതും സംബന്ധിച്ച് തനിക്ക് സാമാന്യബോധമുണ്ടെന്നും ചോദ്യം ഉയർന്നപ്പോൾ അറിഞ്ഞ കാര്യങ്ങൾ തുറന്നുപറയുക മാത്രമാണ് ചെയ്തതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. തെറ്റെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുന്നതാണ് തന്റെ സ്വഭാവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like