തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ കുട്ടിയുടെ അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. പെൺകുട്ടിയെ സ്പായിലെത്തിച്ചത് ഇവരാണെന്നും പ്രായപൂർത്തിയായെന്ന് വരുത്തിത്തീർക്കാൻ വ്യാജരേഖകൾ നിർമിച്ചെന്നും പൊലീസ് അറിയിച്ചു. കേസിൽ സ്പാ ഉടമകളായ സജിത്ത്, നിഷാന്ത് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
സ്പാ ജീവനക്കാരിയായിരുന്ന ആന്ധ്ര സ്വദേശിനി ഒപ്പം ജോലി ചെയ്തിരുന്ന യുവാവിനൊപ്പം പോയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി നേരിട്ട ചൂഷണം പുറത്തുവന്നത്. കുട്ടി പഠിച്ച സ്കൂളിൽനിന്ന് ശേഖരിച്ച വിവരങ്ങളിൽ പ്രായം 16 ആണെന്ന് വ്യക്തമായി. തുടർന്നുള്ള കൗൺസിലിങ്ങിലാണ് ബന്ധുക്കളിൽനിന്നുണ്ടായ പീഡനത്തെക്കുറിച്ചും സ്പായിൽ നേരിട്ട ചൂഷണത്തെക്കുറിച്ചും കുട്ടി വെളിപ്പെടുത്തിയത്.
പെൺകുട്ടിയെ ആദ്യം ചെന്നൈയിൽ എത്തിച്ച് സ്പായിൽ ജോലി ചെയ്യിപ്പിച്ചെന്നും പിന്നീട് വിഴിഞ്ഞത്തെ രണ്ട് സ്പാകളിലേക്ക് മാറ്റിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചപ്പാത്തിനടുത്തുള്ള കേരള ആയുർവേദ, വൈകോർകുളത്തുള്ള ആയുർ കേരള എന്നീ സ്ഥാപനങ്ങളിലാണ് കുട്ടിയെ എത്തിച്ചത്. ഇവ ആയുർവേദ ചികിത്സാകേന്ദ്രങ്ങളാണെന്നാണ് നാട്ടുകാർ കരുതിയിരുന്നത്.
സ്പാ നടത്തിപ്പുമായി തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരിട്ട് ബന്ധമുണ്ടെന്നതിന് പൊലീസിന് തെളിവ് ലഭിച്ചതായാണ് വിവരം. സ്പാ ഉടമ നിഷാന്തിന്റെ അക്കൗണ്ട് പരിശോധിച്ചതിൽനിന്നാണ് ഇതുസംബന്ധിച്ച സൂചനകൾ ലഭിച്ചത്. ഇയാളുടെ പേരിലുള്ള സ്കാനർ ഉപയോഗിച്ചാണ് സ്പായിലെ സേവനങ്ങൾക്ക് പണം സ്വീകരിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ ബിനാമിയായി സ്ഥാപനം നടത്തിയിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
സംസ്ഥാനവ്യാപകമായി സ്പാകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായി 586 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
