Home Keralaസ്പാ പീഡനക്കേസിൽ നിർണായക കണ്ണിയായി ഹെൽത്ത് ഇൻസ്പെക്ടർ; നാല് ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷങ്ങളുടെ ഇടപാട്

സ്പാ പീഡനക്കേസിൽ നിർണായക കണ്ണിയായി ഹെൽത്ത് ഇൻസ്പെക്ടർ; നാല് ബാങ്ക് അക്കൗണ്ടുകളിൽ ലക്ഷങ്ങളുടെ ഇടപാട്

by news_desk1
0 comments

തിരുവനന്തപുരം: കോവളത്തെ സ്പായിൽ പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി ലൈംഗികപീഡനത്തിനിരയായ കേസിൽ അറസ്റ്റിലായ കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന് സ്പാ ശൃംഖലയുടെ നടത്തിപ്പിൽ നിർണായക പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംസ്ഥാനത്തിനു പുറത്തുനിന്ന് സ്ത്രീകളെ എത്തിക്കുന്നതിൽ ഇയാൾക്കുള്ള പങ്കും തിരുവനന്തപുരം നഗരത്തിലെ വിവിധ സ്പാകളുടെ നടത്തിപ്പുമായുള്ള ബന്ധവും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഹെൽത്ത് ഇൻസ്പെക്ടർ എന്ന നിലയിൽ ലഭിച്ച ബന്ധങ്ങൾ ഉപയോഗിച്ചാണ് അനുരൂപ് സ്പാ ബിസിനസിലേക്ക് കടന്നതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളുടെ നാല് ബാങ്ക് അക്കൗണ്ടുകളിലായി ലക്ഷക്കണക്കിന് രൂപയുടെ അസ്വാഭാവിക പണമിടപാടുകൾ കണ്ടെത്തിയിട്ടുണ്ട്. വിഴിഞ്ഞത്ത് ജോലി ചെയ്തിരുന്ന കാലത്തും അനുരൂപിനെതിരെ കൈക്കൂലി ആരോപണം ഉയർന്നിരുന്നു. തുടർന്ന് തിരുമലയിലേക്കും തിരുവല്ലത്തേക്കും സ്ഥലംമാറ്റം ലഭിച്ച ഇയാൾ ഇപ്പോൾ ഉള്ളൂർ സോണൽ ഓഫീസിലായിരുന്നു ജോലി ചെയ്തിരുന്നത്.

കേസിൽ അറസ്റ്റിലായ നിഷാന്തിനെ കോവളത്ത് ഡ്രീംസ് സ്പാ തുടങ്ങാൻ പ്രേരിപ്പിച്ചത് അനുരൂപാണെന്നും പൊലീസ് പറയുന്നു. ആന്ധ്ര സ്വദേശിനിയായ പതിനാറുകാരിയെ കോവളത്ത് എത്തിക്കുന്നതിനു മുമ്പ് അനുരൂപുമായി സംസാരിച്ചിരുന്നുവെന്ന മൊഴിയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഉള്ളൂർ സോണൽ ഓഫീസിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇയാൾ സ്പാ നടത്തിപ്പിൽ പങ്കാളിയായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കേസുമായി ബന്ധപ്പെട്ട് അനുരൂപിനെ കോർപറേഷൻ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ സർവീസിൽനിന്ന് പിരിച്ചുവിടുന്നതും അധികൃതർ പരിഗണിക്കുന്നതായാണ് വിവരം.

അതേസമയം, കോവളത്തെ സ്പായിൽ എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ഇടപാടുകാരെ കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ഇടപാടുകാരുടെ ഗൂഗിൾ പേ വിവരങ്ങൾ, ഫോൺ നമ്പറുകൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവ പൊലീസ് സൈബർ സംഘത്തിന് കൈമാറി. രണ്ടാഴ്ചത്തെ സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചിട്ടുള്ളത്.

ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ഇടപാടുകാരെ തിരിച്ചറിയാനാണ് പൊലീസിന്റെ നീക്കം. തിരിച്ചറിയൽ നടപടികളിൽ പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെയും മനുഷ്യക്കടത്ത് കുറ്റം ചുമത്തി കേസെടുക്കാനുള്ള നീക്കമുണ്ട്.

You may also like