കോൺടെന്റ് ക്രിയേഷൻ തുടങ്ങി ഏഴ് വർഷമായിട്ടും വിമർശനങ്ങൾ അവസാനിച്ചിട്ടില്ല. എന്നാൽ അതൊന്നും തന്നെ പിന്നോട്ടുവലിച്ചിട്ടില്ലെന്ന് നടി ഹൻസിക കൃഷ്ണ. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്തതെന്നും അതിൽ ആർക്കെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് അവരുടെ വിഷയമാണെന്നും താരം വ്യക്തമാക്കി. കോൺടെന്റ് ക്രിയേഷൻ ആരംഭിച്ചതിനെക്കുറിച്ചും നേരിടേണ്ടിവന്ന വിമർശനങ്ങളെക്കുറിച്ചും നൽകിയ അഭിമുഖത്തിലാണ് ഹൻസിക മനസുതുറന്നത്.
14 വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം കോൺടെന്റ് ക്രിയേഷൻ ആരംഭിച്ചതെന്ന് ഹൻസിക പറഞ്ഞു. അന്നുമുതൽ തന്നെ വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടിവന്നു. തുടക്കത്തിൽ ഇത്തരം പ്രതികരണങ്ങൾ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്തിനാണ് ആളുകൾ ഇത്രയധികം വെറുക്കുന്നതെന്നും തനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നും ചേച്ചിമാരോട് ചോദിക്കാറുണ്ടായിരുന്നു.
എന്നാൽ വിമർശനങ്ങൾ കണ്ട് വിഷമിച്ച് ഇഷ്ടപ്പെട്ട കാര്യം ഉപേക്ഷിക്കരുതെന്ന് അച്ഛനും സഹോദരിമാരും ഉപദേശിച്ചു. കോവിഡ് കാലത്ത് കൂടുതൽ ഒഴിവുസമയം ലഭിച്ചതോടെയാണ് ഇഷ്ടത്തോടെ വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്. പിന്നീട് സബ്സ്ക്രൈബർമാരും പിന്തുടരുന്നവരും വർധിച്ചു. തന്റെ ഉള്ളടക്കങ്ങൾ ഇഷ്ടപ്പെടുന്നവരുടെയും പിന്തുണയ്ക്കുന്നവരുടെയും സ്നേഹം ലഭിച്ചപ്പോൾ വിമർശനങ്ങൾ കണ്ട് പിന്മാറാൻ തോന്നിയില്ലെന്നും ഹൻസിക പറഞ്ഞു.
കോൺടെന്റ് ക്രിയേഷൻ രംഗത്തെത്തി ഏഴ് വർഷമായിട്ടും ഹേറ്റ് കമന്റുകൾ തുടരുന്നുണ്ട്. എന്നാൽ അതിലൂടെ താൻ വളരുക മാത്രമാണ് ചെയ്തതെന്നും ഒരിക്കലും പിന്നോട്ടുപോയിട്ടില്ലെന്നും താരം വ്യക്തമാക്കി. ഇനിയും എത്തേണ്ട ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നും സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
വിമർശനങ്ങൾ ഇന്നും നാളെയും തുടർന്നേക്കാം. എന്നാൽ മുന്നോട്ടുപോകണമെങ്കിൽ ആദ്യം സ്വയം വിശ്വസിക്കണം. അതുകൊണ്ട് ഇപ്പോൾ പോസിറ്റീവായ കാര്യങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഹൻസിക പറഞ്ഞു.
