കൊച്ചി: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രകളുടെ സ്പോൺസർമാർ ആരെന്നും യാത്രകളുടെ ലക്ഷ്യമെന്തെന്നും വ്യക്തമാക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രി പി. രാജീവ്. വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള മുഖ്യമന്ത്രിയുടെ യാത്രകൾ ദുരൂഹമാണെന്നും കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് കാര്യങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിസ തോമസിനെതിരെയും രൂക്ഷവിമർശനം ഉന്നയിച്ച രാജീവ്, അവരെ വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു.
സിസ തോമസ് കോടതിയെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുകയാണെന്ന് പി. രാജീവ് കുറ്റപ്പെടുത്തി. മനുഷ്യാന്തസിന്റെ അംശം പോലുമില്ലാത്ത വ്യക്തിയാണ് താനെന്ന് അവർ ഒരിക്കൽക്കൂടി തെളിയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞതിൽ നീതിയുണ്ടെങ്കിൽ, വൈസ് ചാൻസലറുടെ അപ്പീലിൽ സിൻഡിക്കേറ്റ് കക്ഷി ചേരില്ലെന്ന് ഹൈക്കോടതിയെ അറിയിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.
അധ്യാപികയാകാൻ പോലും യോഗ്യതയില്ലാത്ത സിസ തോമസിനെ വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഗവർണറോട് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആവശ്യപ്പെടണം. കേരളീയ പൊതുബോധം കുട്ടികൾക്കൊപ്പമാണ്. കുട്ടികളുടെ ഭാവി ഇനിയും വേട്ടയാടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രകളിൽ വ്യക്തമായ സുതാര്യത വേണമെന്നാണ് പി. രാജീവിന്റെ മറ്റൊരു ആവശ്യം. മുഖ്യമന്ത്രി എവിടേക്ക് പോകുന്നു, എങ്ങനെയാണ് യാത്ര ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ ജനങ്ങളെ അറിയിക്കണം. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് മംഗലാപുരത്തേക്ക് നടത്തിയ യാത്ര ദുരൂഹമാണെന്നും അതിന് ആരാണ് പണം മുടക്കിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓരോ കമ്പനികളും പ്രത്യേകമായി വിമാനങ്ങൾ ഏർപ്പാടാക്കുകയാണെന്നും ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും രാജീവ് ആരോപിച്ചു. ആരുടെയെങ്കിലും സ്പോൺസർഷിപ്പിലല്ല സർക്കാർ പ്രവർത്തിക്കേണ്ടത്. വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതിനു ശേഷമുള്ള മുഖ്യമന്ത്രിയുടെ യാത്രകൾ അങ്ങേയറ്റം നിഗൂഢമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രകളുമായി ബന്ധപ്പെട്ട വസ്തുതകൾ ജനങ്ങൾക്കു മുന്നിൽ തുറന്നുപറയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.
