Home Localക്ലാസ് മുറിയിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥി; മൂന്ന് തവണ നിറയൊഴിച്ചു, തോക്ക് പിടിച്ചെടുത്തു

ക്ലാസ് മുറിയിൽ സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥി; മൂന്ന് തവണ നിറയൊഴിച്ചു, തോക്ക് പിടിച്ചെടുത്തു

by news_desk1
0 comments

പാലക്കാട്: സഹപാഠി നാടൻ തോക്കുമായി സ്കൂളിലെത്തിയതിനെ തുടർന്ന് ക്ലാസ് മുറിയിൽ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. തൃത്താല പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുമുണ്ട സ്വദേശിയായ വിദ്യാർഥി എത്തിച്ച തോക്കിൽനിന്നാണ് അഞ്ചുമൂല സ്വദേശിയായ സഹപാഠിക്ക് വെടിയേറ്റത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തോക്കുമായി സ്കൂളിലെത്തിയ വിദ്യാർഥി ക്ലാസ് മുറിയിൽവച്ച് മൂന്ന് തവണ നിറയൊഴിക്കുകയായിരുന്നു. ആദ്യ വെടി തറയിലും രണ്ടാമത്തേത് വിദ്യാർഥിയുടെ അരികിലൂടെയും കടന്നുപോയി. മൂന്നാമത്തെ വെടിയാണ് സഹപാഠിക്ക് ഏറ്റത്. തോളെല്ലിനും കൈയ്ക്കും ഇടയിലാണ് വെടിയേറ്റത്.

പരിക്കേറ്റ വിദ്യാർഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വെടിയുണ്ട പുറത്തെടുക്കുന്നതിനായി ശസ്ത്രക്രിയ നടത്താനുള്ള നടപടികൾ ആരംഭിച്ചതായും വിവരമുണ്ട്.

പഴക്കംചെന്ന ചെറിയ റിവോൾവറാണ് വിദ്യാർഥിയുടെ കൈവശമുണ്ടായിരുന്നതെന്നാണ് സൂചന. തോക്ക് തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് സ്കൂളിലെത്തി പരിശോധന നടത്തുകയാണ്. തോക്കുമായി എത്തിയ വിദ്യാർഥിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. തോക്ക് എവിടെനിന്ന് ലഭിച്ചുവെന്നും സ്കൂളിലേക്ക് കൊണ്ടുവന്നതിന്റെ സാഹചര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

You may also like