Home Localപൊലീസ് സ്റ്റേഷൻ വളപ്പിൽ പെട്രോളൊഴിച്ച് 12 ബൈക്കുകൾക്ക് തീയിട്ടു; പ്രതി സിസിടിവിയിൽ കുടുങ്ങി

പൊലീസ് സ്റ്റേഷൻ വളപ്പിൽ പെട്രോളൊഴിച്ച് 12 ബൈക്കുകൾക്ക് തീയിട്ടു; പ്രതി സിസിടിവിയിൽ കുടുങ്ങി

by news_desk1
0 comments

തൃശൂർ: പൊലീസ് സ്റ്റേഷൻ വളപ്പിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾക്ക് പെട്രോളൊഴിച്ച് തീയിട്ടു. സംഭവത്തിൽ മലപ്പുറം സ്വദേശിയായ സുകുമാരനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക സൂചന.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. പൊലീസ് സ്റ്റേഷന്റെ മതിൽ ചാടിക്കടന്ന് അകത്തുകയറിയ സുകുമാരൻ, സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽനിന്ന് കുപ്പിയിലേക്ക് പെട്രോൾ പകർത്തി. തുടർന്ന് മതിലിനോട് ചേർന്ന് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ബൈക്കുകളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.

തീപിടിത്തത്തിൽ 12 ബൈക്കുകളും പൂർണമായും കത്തിനശിച്ചു. ബൈക്കുകളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട് പൊലീസുകാർ തീയണയ്ക്കാൻ എത്തിയപ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. പിന്നാലെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാൽ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ഒരാൾ ബൈക്കുകൾക്ക് തീയിടുന്നതായി വ്യക്തമായത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സുകുമാരനെ കസ്റ്റഡിയിലെടുത്തത്.

You may also like