Home Kerala‘എല്ലാ പണിയും ഒപ്പിച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ നോക്കിയിരിക്കുകയാണോ?’; ചെന്നിത്തലയോട് ചോദ്യങ്ങളുമായി ഉണ്ണിത്താന്റെ മകൻ

‘എല്ലാ പണിയും ഒപ്പിച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ നോക്കിയിരിക്കുകയാണോ?’; ചെന്നിത്തലയോട് ചോദ്യങ്ങളുമായി ഉണ്ണിത്താന്റെ മകൻ

by news_desk1
0 comments

തിരുവനന്തപുരം ∙ കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ട് ചോദ്യങ്ങളുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താൻ. എല്ലാ നീക്കങ്ങളും നടത്തിയശേഷം ഒന്നുമറിയാത്ത ഭാവത്തിൽ രാഷ്ട്രീയ നാടകങ്ങൾ കണ്ടിരിക്കുകയാണോ ചെന്നിത്തലയെന്നാണ് അമലിന്റെ ചോദ്യം. പിതാവ് രാജ്മോഹൻ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം ശക്തമാകുന്നതിനിടെയാണ് അമലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികൾ കേരളം മറന്നിട്ടില്ലെന്ന് അമൽ കുറിച്ചു. ഇപ്പോൾ വി.ഡി. സതീശൻ മുഖ്യമന്ത്രിയായിരിക്കെ പഴയ രാഷ്ട്രീയ തിരക്കഥ വീണ്ടും ആവർത്തിക്കുകയാണോ എന്നും സതീശനെ സ്ഥാനത്തുനിന്ന് മാറ്റി ജനവികാരത്തിന്റെ പേരിൽ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ സംശയങ്ങൾക്ക് കോൺഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു.

കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഭരണമാണോ അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടിയുള്ള സംഗീതക്കസേര മത്സരമാണോ എന്ന ചോദ്യവും അമൽ ഉയർത്തി. ജനങ്ങൾ വോട്ട് ചെയ്തത് അഞ്ചുവർഷം ഭരിക്കാനാണെന്നും മുഴുവൻ കാലവും മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച നടത്താനല്ലെന്നും അദ്ദേഹം കുറിച്ചു.

പിണറായി വിജയന്റെ പത്തുവർഷത്തെ ഭരണകാലത്ത് സിപിഎം പുലർത്തിയ സംഘടനാ അച്ചടക്കത്തെയും മുസ്‌ലിം ലീഗിന്റെ സംഘടനാ കെട്ടുറപ്പിനെയും അമൽ പ്രശംസിച്ചു. രാഷ്ട്രീയമായി വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കോൺഗ്രസിന് ഇവരിൽനിന്ന് പലതും പഠിക്കാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

നേതാക്കളുടെ അധികാരത്തർക്കങ്ങൾക്ക് ന്യായീകരണം കണ്ടെത്താൻ സാധാരണ കോൺഗ്രസ് പ്രവർത്തകർ ചാനൽ ചർച്ചകളിലും സമൂഹമാധ്യമങ്ങളിലും രാവും പകലും പോരാടേണ്ടിവരുന്നുവെന്നും അമൽ പരിഹസിച്ചു. “കസേര നേതാക്കൾക്ക്, തമ്മിലടി പ്രവർത്തകർക്ക്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

രാജ്മോഹൻ ഉണ്ണിത്താന്റെ പ്രസ്താവനകളെ വിമർശിക്കുന്നവർക്കെതിരെയും അമൽ രംഗത്തെത്തി. അദ്ദേഹം അഭിപ്രായം പറയുമ്പോൾ ഉടൻ ബിജെപി ബന്ധം ആരോപിക്കുന്നവരോട് തെളിവുണ്ടെങ്കിൽ പുറത്തുവിടാനാണ് വെല്ലുവിളി. പ്രസ്താവനകളെ രാഷ്ട്രീയമായി നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിപ്രായം ഇഷ്ടപ്പെടാത്തപ്പോൾ ബിജെപി മുദ്ര ചാർത്തുകയും ചോദ്യം ചോദിച്ചാൽ പാർട്ടിവിരുദ്ധനെന്നും വിമർശിച്ചാൽ അച്ചടക്കലംഘനമെന്നും മുദ്രകുത്തുകയും ചെയ്യുന്നതാണോ കോൺഗ്രസിലെ ആഭ്യന്തര ജനാധിപത്യമെന്നും അമൽ ചോദിച്ചു.

You may also like