തളിപ്പറമ്പ്: പത്ത് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സിപിഎം നേതാവ് സി.വി. ധനരാജ് വധക്കേസിൽ നിർണായക വിധി. കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവർ കൊലക്കുറ്റത്തിൽ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി.
ഡിവൈഎഫ്ഐ നേതാവും സിപിഎം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുന്നരു കാരന്താട്ടെ സി.വി. ധനരാജ് 2016 ജൂലൈ 11നാണ് കൊല്ലപ്പെട്ടത്. രാത്രിയിൽ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ധനരാജിനെ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപംവച്ച് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും മകന്റെയും കൺമുന്നിലായിരുന്നു കൊലപാതകം.
ഗുരുതരമായി പരിക്കേറ്റ ധനരാജിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി–ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് കേസ്.
ആകെ 20 പ്രതികളാണ് കേസിലുള്ളത്. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് വിധി പ്രസ്താവിച്ചത്. 2025 സെപ്റ്റംബറിലാണ് വിചാരണ ആരംഭിച്ചത്. കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരനുമായ പി.വി. പ്രജീഷ് ഉൾപ്പെടെയുള്ളവരെ കോടതി വിസ്തരിച്ചു.
ധനരാജിനെ ആക്രമിച്ച സംഭവവും പരിക്കേറ്റ നിലയിൽ കണ്ടെത്തിയതും ആശുപത്രിയിലെത്തിച്ചതുമെല്ലാം പ്രജീഷ് കോടതിയിൽ വിശദീകരിച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി, അരിവാൾ തുടങ്ങിയ ആയുധങ്ങളും ധനരാജ് ധരിച്ചിരുന്ന വസ്ത്രങ്ങളും ഒന്നാം സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.
ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പിയായിരുന്ന വി. മധുസൂദനനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. ഹൈക്കോടതി അഭിഭാഷകൻ സി.കെ. ശ്രീധരനാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി ഹാജരായത്.
