Home Keralaപി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.പി.; സിപിഎമ്മിൽ അന്വേഷണ കമ്മീഷൻ

പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.പി.; സിപിഎമ്മിൽ അന്വേഷണ കമ്മീഷൻ

by news_desk1
0 comments

തിരുവനന്തപുരം: സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിന് കൈമാറിയതോടെ വിഷയത്തിൽ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഎം. വൈദേഹം റിസോർട്ട് വിവാദവും ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവുമാണ് പ്രധാനമായും അന്വേഷണ പരിധിയിലുള്ളത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എൻ. ബാലഗോപാലും ടി.പി. രാമകൃഷ്ണനുമാണ് അന്വേഷണ കമ്മീഷനിലെ അംഗങ്ങൾ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പി. ജയരാജനെതിരെ ഇ.പി. ജയരാജൻ രേഖാമൂലം പരാതി നൽകിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പി. ജയരാജന് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സ്വർണം പൊട്ടിക്കൽ സംഘവുമായുള്ള ബന്ധം സംബന്ധിച്ച ആരോപണങ്ങളിലും കഴമ്പുണ്ടെന്ന് ഇ.പി. ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിപിഎം നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ പി. ജയരാജന്റെ കീഴിൽ പ്രത്യേക നവമാധ്യമ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

അതേസമയം, ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വൈദേഹം റിസോർട്ട് വിവാദവും അന്വേഷണ കമ്മീഷൻ പരിശോധിക്കും. റിസോർട്ടിലെ ഇ.പി.യുടെ പങ്ക്, സാമ്പത്തിക ക്രമക്കേടുകൾ, ആസ്തി സംബന്ധിച്ച് പി. ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ എന്നിവയും അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് വിവരം.

രണ്ട് മുതിർന്ന നേതാക്കൾക്കെതിരായ ആരോപണങ്ങൾ ഒരേസമയം പരിശോധിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചതോടെ സിപിഎമ്മിനുള്ളിലെ ആഭ്യന്തര തർക്കം കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.

You may also like