Home Keralaസണ്ണി ജോസഫിന്റെ കസേര തെറിക്കുമോ? കെപിസിസി പുനഃസംഘടനയ്ക്ക് സമ്മർദം ശക്തമാക്കി വി.ഡി. പക്ഷം

സണ്ണി ജോസഫിന്റെ കസേര തെറിക്കുമോ? കെപിസിസി പുനഃസംഘടനയ്ക്ക് സമ്മർദം ശക്തമാക്കി വി.ഡി. പക്ഷം

by news_desk1
0 comments

തിരുവനന്തപുരം: കോൺഗ്രസിലെ ആഭ്യന്തര തർക്കം പുതിയ തലത്തിലേക്ക്. കെപിസിസി, ഡിസിസി തലങ്ങളിൽ സമ്പൂർണ പുനഃസംഘടന ആവശ്യപ്പെട്ട് വി.ഡി. സതീശൻ പക്ഷം നീക്കം ശക്തമാക്കുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെയും പദവികളിൽനിന്ന് മാറ്റണമെന്ന ആവശ്യവും ശക്തമായി ഉയർത്താനാണ് നീക്കം. ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ ലക്ഷ്യമിട്ടാണ് വി.ഡി. പക്ഷത്തിന്റെ നീക്കങ്ങൾ.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച കോൺഗ്രസ് നേതാക്കൾ, യോഗത്തിന് പുറത്തും പരസ്യമായി അതേ നിലപാട് ആവർത്തിച്ചതാണ് കെപിസിസി അധ്യക്ഷന്റെ നടപടികളിൽ വി.ഡി. പക്ഷം അതൃപ്തി പ്രകടിപ്പിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ. എ ഗ്രൂപ്പിന്റെ പരാതികളും വി.ഡി. സതീശൻ നേരിട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അറിയിച്ച അതൃപ്തിയും പരിഗണിച്ച് ഹൈക്കമാൻഡ് വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്നാണ് വി.ഡി. പക്ഷത്തിന്റെ പ്രതീക്ഷ.

കോൺഗ്രസിന്റെ പ്രവർത്തനം നിലവിൽ നിശ്ചലമാണെന്നും നേതൃമാറ്റം അനിവാര്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരസ്യമായി വ്യക്തമാക്കിയിരുന്നു. പാർട്ടിയുടെ അഭാവമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന അദ്ദേഹത്തിന്റെ വിമർശനവും വി.ഡി. പക്ഷത്തിന്റെ നിലപാടിന് സമാനമാണ്.

അതേസമയം, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ എന്നിവർക്കും മറ്റ് നേതാക്കൾക്കുമെതിരെ നടക്കുന്ന വിമർശനങ്ങളിലും വി.ഡി. പക്ഷത്തിന്റെ നീക്കങ്ങളിലും കെ.സി. വേണുഗോപാലിനെ അനുകൂലിക്കുന്ന വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. മന്ത്രിസഭയിലെ ചർച്ചകളും തീരുമാനങ്ങളും വിവരങ്ങളും കാരണമില്ലാതെ പുറത്തേക്ക് ചോർത്തിയെന്ന ആരോപണം ഉയർത്തിയാണ് ഈ വിഭാഗത്തിനെതിരായ വിമർശനം തുടരുന്നത്. ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും കെ.സി. പക്ഷം വ്യക്തമാക്കുന്നു.

മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തറിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിലും പ്രതിഷേധം ശക്തമാണ്. ഈ വിഷയങ്ങളടക്കം പരാതിയായി എഐസിസിക്ക് മുന്നിൽ ഉന്നയിക്കാനാണ് കെ.സി. പക്ഷത്തിന്റെ തീരുമാനം.

എ ഗ്രൂപ്പും കെ.സി. പക്ഷവും സ്വന്തം അവകാശവാദങ്ങളുമായി രംഗത്തെത്തിയതോടെ വി.ഡി. പക്ഷവും ഗ്രൂപ്പ് യോഗങ്ങളടക്കം സംഘടിപ്പിച്ച് ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ്. ഇതോടെ നീണ്ട ഇടവേളയ്ക്കുശേഷം കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുകയാണ്.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പ് നിലവിൽ കാര്യമായി സജീവമല്ല. എന്നാൽ, വരും ദിവസങ്ങളിൽ ബോർഡ്-കോർപ്പറേഷൻ നിയമന ചർച്ചകൾ ആരംഭിക്കുന്നതോടെ ഐ ഗ്രൂപ്പും രംഗത്തിറങ്ങിയേക്കും. അതേസമയം, മുഖ്യമന്ത്രിക്കെതിരെ വലിയ പടയൊരുക്കത്തിന് ചെന്നിത്തല പക്ഷം മുതിരില്ലെന്നാണ് സൂചന.

You may also like