ദില്ലി: കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിലും കൂടുതൽ കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ബിസ്ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്എസ്എസ്എഐ). ബ്രോമേറ്റ്, പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പിഎഎച്ച്) എന്നിവയുടെ സാന്നിധ്യം വീണ്ടും നടത്തിയ പരിശോധനയിലും സ്ഥിരീകരിച്ചതോടെയാണ് നടപടി.
ബിസ്ലേരിക്ക് പുറമെ വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയും നടപടിക്ക് അനുമതി നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഇതിൽ രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് വിപണിയിൽനിന്ന് തിരിച്ചുവിളിക്കാനും നിർദേശിച്ചിട്ടുണ്ട്.
ബിസ്ലേരിയുടെ പാക്കേജ് കുടിവെള്ളത്തിന്റെ പ്രാഥമിക പരിശോധനയിലാണ് അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് കണ്ടെത്തിയത്. ഇതോടെ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം വെള്ളം സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു. ഇതിനെതിരെ കമ്പനി അപ്പീൽ നൽകിയതിനെത്തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിലേക്ക് വീണ്ടും പരിശോധനയ്ക്കായി അയച്ചു.
രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന കണ്ടെത്തൽ ആവർത്തിച്ചു. ഇതിനു പുറമേ പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (പിഎഎച്ച്) സാന്നിധ്യവും സ്ഥിരീകരിച്ചു. ബ്രോമേറ്റും പിഎഎച്ചും കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളായാണ് കണക്കാക്കപ്പെടുന്നത്.
