Home National‘ദാരിദ്ര്യം തുടച്ചുനീക്കാനായെങ്കിൽ ലഹരിയെയും ഇല്ലാതാക്കും’; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാൻ മോദിയുടെ നിർദേശം

‘ദാരിദ്ര്യം തുടച്ചുനീക്കാനായെങ്കിൽ ലഹരിയെയും ഇല്ലാതാക്കും’; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കാൻ മോദിയുടെ നിർദേശം

by news_desk1
0 comments

ന്യൂഡൽഹി: രാജ്യത്തുനിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ കഴിഞ്ഞെങ്കിൽ ലഹരിമരുന്നിന്റെ ഭീഷണിയും ഇല്ലാതാക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മയക്കുമരുന്ന് മുക്ത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാൻ ശക്തവും നിർണായകവുമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം നിർദേശിച്ചു. നക്സലിസം വീണ്ടും തലപൊക്കുന്നത് തടയാനും ദാരിദ്ര്യനിർമാർജനം വേഗത്തിലാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഫിലിപ്പീൻസിലെ മനിലയിൽ നടന്ന ആസിയാൻ–ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലായിരുന്നു കേന്ദ്ര മന്ത്രിസഭാ യോഗം. വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും 11 സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുത്തു. സാമ്പത്തിക കാര്യ സെക്രട്ടറി അനുരാധ ഠാക്കൂർ, സാമ്പത്തിക സേവന വകുപ്പ് സെക്രട്ടറി സഞ്ജയ് ലോഹ്യ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ടുകൾ സമർപ്പിച്ചു.

‘ഡ്രഗ്സ് ഫ്രീ ഇന്ത്യ’ പ്രചാരണം വിജയിപ്പിക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്ന് മോദി നിർദേശിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മയക്കുമരുന്ന് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഏറെ വികാരാധീനനായാണ് അദ്ദേഹം സംസാരിച്ചത്. പട്ടിണി രാജ്യത്തുനിന്ന് ഇല്ലാതാക്കിയതുപോലെ ലഹരിമരുന്ന് ഉയർത്തുന്ന ഭീഷണിയും തുടച്ചുനീക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

‘കോടിക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാൻ സർക്കാരിന് സാധിച്ചെങ്കിൽ ലഹരിയെന്ന ഭീഷണിയെ മറികടക്കാൻ കഴിയാതിരിക്കാൻ കാരണമില്ല’ എന്നായിരുന്നു മോദിയുടെ വാക്കുകൾ. ലഹരിമരുന്ന് ഉപയോഗവും അത് തടയുന്നതിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും പ്രധാന രാഷ്ട്രീയ ചർച്ചയായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതും നക്സലിസം ഇല്ലാതാക്കാനുള്ള നടപടികളുമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്. 2011നും 2023നും ഇടയിൽ 50 കോടി പേർ കടുത്ത ദാരിദ്ര്യത്തിൽനിന്ന് മോചിതരായതായി ലോകബാങ്ക് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഇതോടെ ഇന്ത്യയിലെ കടുത്ത ദാരിദ്ര്യനിരക്ക് 90 ശതമാനം കുറഞ്ഞു. ജനസംഖ്യയിൽ നാലിലൊന്നിലധികം പേർ കടുത്ത ദാരിദ്ര്യത്തിലായിരുന്ന അവസ്ഥയിൽനിന്ന് ഇപ്പോൾ 38 പേരിൽ ഒരാളെന്ന നിലയിലേക്ക് നിരക്ക് താഴ്ന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

പതിറ്റാണ്ടുകളായി ‘ഗരീബി ഹഠാവോ’ വെറും മുദ്രാവാക്യമായി തുടരുകയായിരുന്നുവെന്നും ക്ഷേമപദ്ധതികളിലൂടെ ദാരിദ്ര്യം കുറയ്ക്കാൻ നിലവിലെ സർക്കാരിന് സാധിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഈ നേട്ടത്തിന് മന്ത്രിമാരെയും സർക്കാർ ഉദ്യോഗസ്ഥരെയും ഫീൽഡ് പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു. സർക്കാരിന്റെ വിവിധ വിഭാഗങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച ഏകോപിത സമീപനമാണ് നേട്ടത്തിന് വഴിയൊരുക്കിയതെന്നും മോദി പറഞ്ഞു.

ബാങ്കിങ് ശൃംഖലയുടെ വിപുലീകരണവും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതികളും ദാരിദ്ര്യനിർമാർജനത്തിന് വേഗം കൂട്ടിയതായി യോഗം വിലയിരുത്തി. 50 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ, സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനും സാധിക്കുമെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. അധികാരത്തിലെത്തിയപ്പോൾ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന ആശയത്തെ പലരും പരിഹസിച്ചെങ്കിലും ആ ലക്ഷ്യത്തിനായി തുടർന്നും പ്രവർത്തിച്ചെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അതേസമയം, മാവോയിസ്റ്റ് സ്വാധീനത്തിൽനിന്ന് പൂർണമായി മോചിപ്പിച്ച പ്രദേശങ്ങളിൽ അക്രമമോ നക്സലിസമോ ഒരുതരത്തിലും തിരിച്ചുവരുന്നില്ലെന്ന് ഉദ്യോഗസ്ഥരും മന്ത്രാലയങ്ങളും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

You may also like