ശ്രീനഗർ: കുൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ് (സിആർപിഎഫ്). ജവാന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഡ്യൂട്ടിയിലുള്ള എല്ലാ ജവാന്മാർക്കും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെഡ് ഗിയറും നിർബന്ധമാക്കിയതിനു പുറമേ, ഔദ്യോഗിക ഡ്യൂട്ടിക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തി.
സിആർപിഎഫ് മേധാവി ജി.പി. സിങ് വിളിച്ചുചേർത്ത ഉന്നതതല സുരക്ഷാ അവലോകന യോഗത്തിന് പിന്നാലെയാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയത്. സായുധരായ ഭീകരർ പതിയിരുന്ന് ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് ജവാന്മാർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെഡ് ഗിയറുകളും നിർബന്ധമാക്കിയത്.
ചെക്ക് പോസ്റ്റുകളിലെ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കും. മൊബൈൽ ബുള്ളറ്റ് പ്രൂഫ് ബങ്കറുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം കൂടുതൽ വെളിച്ചം ലഭ്യമാക്കാനും നിർദേശമുണ്ട്. സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ഡ്യൂട്ടി സമയത്ത് ജവാന്മാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്കായി കമാൻഡർമാർക്ക് മാത്രമായിരിക്കും ഫോൺ ഉപയോഗിക്കാൻ അനുമതി. സുരക്ഷാ ഭീഷണിയുള്ള സാഹചര്യത്തിൽ ജവാന്മാർ ഒരേ സ്ഥലത്ത് ദീർഘനേരം നിലയുറപ്പിക്കരുതെന്നും ഡ്യൂട്ടിക്കിടെ അതീവ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
കുൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനികരുടെ വ്യക്തിഗത സുരക്ഷയ്ക്കും ചെക്ക് പോസ്റ്റുകളുടെ സംരക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നൽകിയാണ് സിആർപിഎഫിന്റെ പുതിയ നീക്കം.
