Home Nationalരാജസ്ഥാനിൽ റെയിൽപാളം തകർത്ത സ്ഫോടനം; പാക് ബന്ധമുള്ള യുവതിയും യുവാവും പിടിയിൽ, പണം ലഭിച്ചത് അതിർത്തിക്കപ്പുറത്തുനിന്ന്

രാജസ്ഥാനിൽ റെയിൽപാളം തകർത്ത സ്ഫോടനം; പാക് ബന്ധമുള്ള യുവതിയും യുവാവും പിടിയിൽ, പണം ലഭിച്ചത് അതിർത്തിക്കപ്പുറത്തുനിന്ന്

by news_desk1
0 comments

ചണ്ഡീഗഢ്: രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ റെയിൽപാളത്തിൽ സ്ഫോടനം നടത്തിയ സംഭവത്തിൽ പാകിസ്ഥാൻ ബന്ധമുള്ള യുവതിയും യുവാവും അറസ്റ്റിൽ. മഹക്ദീപ് കൗർ (21), ദാവീന്ദർ സിങ് (22) എന്നിവരെയാണ് രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സ്ക്വാഡും ശ്രീഗംഗാനഗർ പൊലീസും പഞ്ചാബ് പൊലീസും സംയുക്തമായി പിടികൂടിയത്. സ്ഫോടനം നടത്താൻ യുവതിക്ക് പാകിസ്ഥാനിൽനിന്ന് പണം ലഭിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ.

മഹക്ദീപ് കൗറിന് പാകിസ്ഥാനിലുള്ള രണ്ടുപേരുമായി ബന്ധമുണ്ടായിരുന്നുവെന്നും അവരുടെ നിർദേശപ്രകാരമാണ് യുവതി പ്രവർത്തിച്ചതെന്നും പൊലീസ് അറിയിച്ചു. ‘ചാച്ചാ’, ‘ഷാ’ എന്നീ പേരുകളിലാണ് ഇവർ യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഓൺലൈനിലൂടെ പ്രണയാഭ്യർഥന നടത്തിയാണ് യുവതിയെ വലയിലാക്കിയതെന്നും പണവും നൽകിയിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.

ശ്രീഗംഗാനഗറിലെ റെയിൽപാളത്തിൽ സ്ഫോടനം നടത്തുന്നതിനാണ് യുവതിക്ക് പണം കൈമാറിയതെന്നാണ് പൊലീസിന്റെ വിശദീകരണം. ഏറെക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു മഹക്ദീപ് കൗർ. ലഹരിക്കേസിൽ ഭർത്താവ് നിലവിൽ ജയിലിലാണ്.

യുവതിയുടെ പക്കൽനിന്ന് രണ്ട് തോക്കുകളും 46 വെടിയുണ്ടകളും 30,000 രൂപയും പൊലീസ് പിടിച്ചെടുത്തു. മഹക്ദീപ് കൗറിനും ദാവീന്ദർ സിങ്ങിനും സഹായം നൽകിയെന്നാരോപിച്ച് മൂന്നുപേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിക്ക് താമസത്തിനും യാത്രയ്ക്കും സൗകര്യമൊരുക്കിയത് ഇവരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇന്ത്യൻ യുവതികളെ പ്രണയക്കെണിയിൽ വീഴ്ത്തി ചാരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ രീതിയാണെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പണവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് ഇത്തരത്തിൽ യുവതികളെ ഉപയോഗിക്കുന്നതെന്നാണ് ആരോപണം. നേരത്തേ ശ്രീഗംഗാനഗർ സ്വദേശിനിയായ ബബിതയും സമാനരീതിയിൽ പാക് ചാരസംഘടനയുടെ വലയിൽപ്പെട്ടിരുന്നു.

നവംബർ മൂന്നിന് രാത്രിയാണ് ശ്രീഗംഗാനഗറിലെ രാംസിങ്പുരിൽ റെയിൽപാളത്തിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പാളത്തിലെ രണ്ട് സ്ലീപ്പറുകൾ തകരുകയും പാളത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അനൂപ്ഗഢ്–സുറത്ത്ഗഢ് പാസഞ്ചർ ട്രെയിൻ കടന്നുപോയി ഒരു മണിക്കൂറിന് ശേഷമായിരുന്നു സ്ഫോടനം. സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധമുണ്ടെന്ന സംശയം തുടക്കത്തിൽത്തന്നെ ഉയർന്നിരുന്നു.

You may also like