Home National‘ചർച്ചയ്ക്ക് വന്നാൽ ഓടിപ്പോകരുത്’; മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് കടുത്ത പരിഹാസവുമായി ബിജെപി

‘ചർച്ചയ്ക്ക് വന്നാൽ ഓടിപ്പോകരുത്’; മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് കടുത്ത പരിഹാസവുമായി ബിജെപി

by news_desk
0 comments

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേർക്കുനേർ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത പരിഹാസവും വിമർശനവുമായി ബിജെപി രംഗത്ത്. ചർച്ചയ്ക്ക് തയ്യാറായി വന്നാൽ രാഹുൽ ഗാന്ധി ഓടിപ്പോകരുതെന്നും, ആരാണ് വഞ്ചകനെന്ന് തെളിയിക്കാൻ സംവാദങ്ങളുടെ ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരിച്ചടിച്ചു.

രാജ്യത്തെ സുപ്രധാന വിഷയങ്ങളിലും കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളിലും നരേന്ദ്ര മോദിയെ ഒരിക്കൽ കൂടി സംവാദത്തിന് വെല്ലുവിളിച്ചുകൊണ്ട് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദീർഘമായ ഏകപക്ഷീയ പ്രസംഗങ്ങളല്ല, മറിച്ച് ഒരേ മേശയ്ക്ക് ഇരുപുറവുമിരുന്ന് നേർക്കുനേർ നടത്തുന്ന ‘വൺ-ഓൺ-വൺ’ സംവാദമാണ് വേണ്ടതെന്നാണ് രാഹുൽ വ്യക്തമാക്കിയത്. അത്തരമൊരു സംവാദം നടന്നാൽ അതിനുശേഷം നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രി പദവിയിൽ തുടരാനാകില്ലെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു.

രാഹുലിന്റെ ഈ തുടർച്ചയായ വെല്ലുവിളികൾക്കെതിരെയാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇത്തരം വെല്ലുവിളികൾ രാഹുൽ ഗാന്ധി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചയ്ക്ക് ക്ഷണിച്ച ശേഷം പിന്നീട് പിന്മാറുന്ന രീതി ഉണ്ടാകരുതെന്ന് പരിഹസിച്ച മന്ത്രി, ജനങ്ങൾക്ക് മുന്നിൽ കാര്യങ്ങൾ വ്യക്തമാണെന്നും കൂട്ടിച്ചേർത്തു. ദേശീയ രാഷ്ട്രീയത്തിൽ ഇരുമുന്നണികളും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് സംവാദ വെല്ലുവിളിയും പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

You may also like