ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് കടുത്ത രാഷ്ട്രീയ മുന്നറിയിപ്പുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവുമായ റാം മാധവ് രംഗത്ത്. സഖ്യകക്ഷികളായ കോൺഗ്രസിനെ വിശ്വസിക്കരുതെന്നും, പച്ചപ്പുനിറഞ്ഞ പുതിയ മേച്ചിൽപ്പുറങ്ങൾ കാണുമ്പോൾ കൂടെനിൽക്കുന്നവരെ ഉപേക്ഷിക്കുന്നവരാണ് അവരെന്നും റാം മാധവ് വിമർശിച്ചു. സ്വന്തമായി ഒന്നുമില്ലാത്ത കോൺഗ്രസ് മറ്റ് പാർട്ടികളുടെ തണലിലാണ് വളരുന്നതെന്നും, ആറ് മാസം മുമ്പ് കോൺഗ്രസ് സഖ്യം വിട്ടപ്പോൾ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിന് ഉണ്ടായ അതേ അനുഭവം വൈകാതെ വിജയ്ക്കും ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ദിരാ ഗാന്ധിയെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖമായി ഉയർത്തിക്കൊണ്ടുവന്ന പെരുംതലൈവർ കാമരാജിനെ പോലും പിന്നീട് കോൺഗ്രസ് ഒതുക്കുകയായിരുന്നെന്ന് റാം മാധവ് ആരോപിച്ചു. അരാജകത്വവും നുണകളും പ്രചരിപ്പിക്കുന്ന കോൺഗ്രസിനെയാണ് തമിഴ്നാട് സർക്കാർ ഇന്ന് ആശ്രയിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ കോൺഗ്രസും രാഹുൽ ഗാന്ധിയും പ്രതിഷേധം ഉയർത്തുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് അവർ ലക്ഷ്യമിടുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു.
അതേസമയം, തമിഴ്നാട്ടിൽ ഡിഎംകെയെയും എഐഎഡിഎംകെയെയും പരാജയപ്പെടുത്തി ടിവികെ നേടിയ വിജയം ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ സ്വതന്ത്രവും നീതിയുക്തവുമാണെന്നതിന്റെ തെളിവാണെന്ന് റാം മാധവ് വിലയിരുത്തി. ടിവികെയെ അധികാരത്തിലേറ്റാൻ ബിജെപി സഹായിച്ചെന്ന ആരോപണങ്ങൾ തള്ളിയ അദ്ദേഹം, അത്തരം പ്രചാരണങ്ങൾ തമിഴ് ജനതയുടെ രാഷ്ട്രീയ വിവേചനബുദ്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് വ്യക്തമാക്കി. ഭരണകക്ഷിയായ ടിവികെയെ രാഷ്ട്രീയ എതിരാളിയായി കണ്ടുകൊണ്ട് തന്നെ ശക്തമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട്ടിൽ ടിവികെ നേതൃത്വം നൽകുന്ന സഖ്യസർക്കാരിൽ കോൺഗ്രസ് നിർണ്ണായക ഘടകമായി തുടരുകയാണ്. മുഖ്യമന്ത്രിയായി ആറ് മാസം പൂർത്തിയാക്കുന്ന വിജയ്, ഭരണത്തിലും രാഷ്ട്രീയത്തിലും സന്തുലിതമായ നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബിജെപിയുടെ ഈ രൂക്ഷവിമർശനം.
