Home Keralaലഹരിക്കേസിലെ പ്രതിയുമായി സൗഹൃദമെന്ന പ്രചാരണം; വ്യാജ പോസ്റ്റുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി കെ.ടി. ജലീൽ

ലഹരിക്കേസിലെ പ്രതിയുമായി സൗഹൃദമെന്ന പ്രചാരണം; വ്യാജ പോസ്റ്റുകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി കെ.ടി. ജലീൽ

by news_desk1
0 comments

മലപ്പുറം: ലഹരിക്കേസിൽ പിടിയിലായ വ്ലോഗർ ഹൈദർ മധൂറുമായി അടുത്ത സൗഹൃദമുണ്ടെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടിക്കൊരുങ്ങി സിപിഐഎം നേതാവ് കെ.ടി. ജലീൽ. താനും ഹൈദർ മധൂറും ഉറ്റസുഹൃത്തുക്കളാണെന്ന രീതിയിൽ പതിനഞ്ചോളം സമൂഹമാധ്യമ അക്കൗണ്ടുകളിൽനിന്ന് വ്യാജ പ്രചാരണം നടന്നതായി ജലീൽ ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

മാനു പയ്യന്നൂർ, അഖിലേഷ് നാഥ് തുടങ്ങിയ അക്കൗണ്ടുകളിലൂടെയാണ് പ്രചാരണം നടത്തിയതെന്ന് ജലീൽ പറഞ്ഞു. പട്ടാമ്പി സ്വദേശികളും യൂത്ത് ലീഗ് പ്രവർത്തകരുമായ മുജീബ് അത്താണിക്കൽ, ടി.പി. ബഷീർ എന്നിവർ തനിക്കെതിരെ പങ്കുവച്ച വ്യാജ പോസ്റ്റിന്റെ പേരിൽ ഇപ്പോൾ ബുദ്ധിമുട്ടിലാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇരുവരും കഴിഞ്ഞ ദിവസവും സുഹൃത്ത് മുഖേന തന്നെ ബന്ധപ്പെട്ടിരുന്നു. തെറ്റുപറ്റിയെന്നും കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അപേക്ഷിച്ചെന്നും ജലീൽ പറഞ്ഞു. ഇവരോട് മാപ്പ് നൽകണോ അതോ നിയമപരമായി മുന്നോട്ടുപോകണോ എന്ന് ലീഗ് പ്രവർത്തകർ പറയട്ടെയെന്നും അദ്ദേഹം കുറിച്ചു.

പ്രത്യക്ഷത്തിൽ ജോലിയോ ബിസിനസോ മറ്റ് വരുമാനമാർഗങ്ങളോ ഇല്ലാതെ ആഡംബരജീവിതം നയിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ വർധിക്കുകയാണെന്നും ജലീൽ ആരോപിച്ചു. രാഷ്ട്രീയ പ്രവർത്തകർ, ചാരിറ്റി പ്രവർത്തകർ, വ്ലോഗർമാർ, ആത്മീയതയുടെ മറവിൽ പ്രവർത്തിക്കുന്നവർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നും വിലപിടിപ്പുള്ള കാറുകളും വീടുകളും ഉപയോഗിച്ച് അതിസമ്പന്നരെന്ന പ്രതിച്ഛായ സൃഷ്ടിക്കുന്നവരെ ജാഗ്രതയോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

അധാർമിക മാർഗങ്ങളിലൂടെയാണ് ഇത്തരക്കാർ പലരും പണം സമ്പാദിക്കുന്നതെന്നും ജലീൽ ആരോപിച്ചു. മയക്കുമരുന്ന് കച്ചവടം, രാസലഹരി വിൽപ്പന, വട്ടിപ്പലിശയ്ക്ക് പണം നൽകൽ, ബിസിനസിന്റെ പേരിൽ പണം വാങ്ങി വഞ്ചിക്കൽ, ഫണ്ട് തട്ടിപ്പ്, വലിയ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളും കോടികളും തട്ടിയെടുക്കൽ തുടങ്ങിയവയാണ് ഇവരുടെ രീതികളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളായാലും പി.കെ. ഫിറോസ് എംഎൽഎയുടെ സഹോദരനായാലും ഹൈദർ മധൂറായാലും, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നും കെ.ടി. ജലീൽ ആവശ്യപ്പെട്ടു.

You may also like