തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡർമാർ നടത്തുന്ന സമരം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ, സമരസമിതി നേതാവ് എസ്. വളർമതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിരാഹാര സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നതോടെ വളർമതിയുടെ ശരീരത്തിലെ മഗ്നീഷ്യത്തിന്റെയും സോഡിയത്തിന്റെയും അളവ് അപകടകരമായ നിലയിലേക്ക് താഴ്ന്നതായി ഡോക്ടർമാർ വ്യക്തമാക്കി. ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ആശുപത്രി കിടക്കയിലും നിരാഹാരം തുടരുകയാണ് അവർ.
വളർമതി നിരാഹാരം അവസാനിപ്പിക്കാതെ നൽകുന്ന ചികിത്സ കൊണ്ട് പ്രയോജനമില്ലെന്ന് തിരുവനന്തപുരം ജനറൽ ആശുപത്രി ആർ.എം.ഒ മുന്നറിയിപ്പ് നൽകി. ഇതിനിടെ, സമരപ്പന്തലിൽ എൽപിഎസ്ടി റാങ്ക് ഹോൾഡർമാരായ ജയകൃഷ്ണനും സി.ജെ.പിയും നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.
അതേസമയം, സമരം 132 ദിവസം പിന്നിട്ടിട്ടും വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന കടുംപിടുത്തത്തിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ. എന്നാൽ സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടിക്ക് പിന്നാലെ ഉദ്യോഗാർത്ഥികൾക്ക് വിവിധ കോണുകളിൽ നിന്നും രാഷ്ട്രീയ പിന്തുണ ശക്തമാവുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും സമരത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രതിപക്ഷത്തായിരുന്നപ്പോൾ ശരിയെന്ന് വാദിച്ച കാര്യങ്ങൾ ഭരണപക്ഷത്തെത്തിയപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും സർക്കാരും സൗകര്യപൂർവ്വം മറന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനം. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ പരിഹരിച്ച് തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് റാങ്ക് ഹോൾഡർമാർ.
