Home Top Storiesഅടൂർ പ്രകാശ് യുഡിഎഫ് കൺവീനറോ, എൽഡിഎഫ് കൺവീനറോ? നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

അടൂർ പ്രകാശ് യുഡിഎഫ് കൺവീനറോ, എൽഡിഎഫ് കൺവീനറോ? നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

by news_desk1
0 comments

തിരുവനന്തപുരം: അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാണോ എൽഡിഎഫ് കൺവീനറാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. സർക്കാരിനെതിരായ വിമർശനങ്ങൾക്കിടെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയ അദ്ദേഹം, പ്രതിപക്ഷത്തിന് ആയുധം നൽകുന്ന നിലപാടാണ് ചില നേതാക്കൾ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

യുഡിഎഫിനെ ആക്രമിക്കേണ്ടത് എൽഡിഎഫ് കൺവീനറുടെ ജോലിയാണ്. നിർജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കൾ ഔഷധം നൽകുകയാണ്. പ്രതിപക്ഷത്തിന്റെ ആവനാഴിയിലേക്ക് ആയുധങ്ങൾ എത്തിച്ചുകൊടുക്കുന്നവർ വിമർശനങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് ആത്മപരിശോധന നടത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും അതിന് അർഹതയുണ്ടോയെന്ന് സ്വയം പരിശോധിക്കണം. പാർട്ടിക്ക് പുല്ലുവില കൽപ്പിച്ച് ചില കേന്ദ്രങ്ങളുടെ സമ്മർദത്തിന് വഴങ്ങിയവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഈ ഭരണത്തിനെതിരെ ആരൊക്കെ നിലകൊണ്ടാലും ജനങ്ങൾ പ്രതികരിക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. അടൂർ പ്രകാശ് നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് ഹൈക്കമാൻഡിന് ബോധ്യമായിട്ടുണ്ടെന്നാണ് തന്റെ വിലയിരുത്തലെന്നും പരാതി നൽകി ഒരു മാസം പിന്നിട്ടിട്ടും നേതൃത്വം ഇടപെടാത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനങ്ങളുമായി അടൂർ പ്രകാശ് രംഗത്തെത്തിയിരുന്നു. യുഡിഎഫ് കൺവീനറായിട്ടും മുന്നണിയിൽ നടക്കുന്ന കാര്യങ്ങൾ പലതും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാതി.

കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചുപുറത്താക്കിയതുപോലെ തന്നെ യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നും പുറത്താക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നതായും അടൂർ പ്രകാശ് ആരോപിച്ചിരുന്നു. ഇതിന് പിന്നിൽ ഒരു ഉപജാപക സംഘമുണ്ടെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിനെതിരെ രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യ വിമർശനം. കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ പരസ്യപ്പോരിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് പുതിയ പ്രതികരണം വിലയിരുത്തപ്പെടുന്നത്.

You may also like