Home Nationalമധുര തനിഷ്ക് ജ്വല്ലറി കവർച്ചയിൽ വൻ ട്വിസ്റ്റ്: മുഖ്യപ്രതിയുടെ പിതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മീനാക്ഷിയും പിടിയിൽ, 5 കിലോ സ്വർണം പിടിച്ചെടുത്തു

മധുര തനിഷ്ക് ജ്വല്ലറി കവർച്ചയിൽ വൻ ട്വിസ്റ്റ്: മുഖ്യപ്രതിയുടെ പിതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മീനാക്ഷിയും പിടിയിൽ, 5 കിലോ സ്വർണം പിടിച്ചെടുത്തു

by news_desk
0 comments

മധുര: തമിഴ്‌നാടിനെ നടുക്കിയ മധുര തനിഷ്ക് ജ്വല്ലറി മോഷണക്കേസിൽ നിർണ്ണായക വഴിത്തിരിവ്. കവർച്ചയിലെ മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷ്, നിഷാന്തിന്റെ സുഹൃത്തും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും മോഷ്ടിക്കപ്പെട്ട അഞ്ച് കിലോ സ്വർണവും അന്വേഷണസംഘം കണ്ടെടുത്തു. ഇന്ന് വൈകിട്ടോടെയാണ് ഇരുവരുടെയും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.

തെളിവ് നശിപ്പിക്കാനുള്ള നീക്കമാണ് പ്രതികൾക്ക് വിനയായത്. മോഷണസമയത്ത് നിഷാന്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ പിതാവ് സുരേഷും നിഷാന്തും ചേർന്ന് കത്തിക്കുന്നത് പ്രദേശവാസിയായ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തുടർന്ന് പൊലീസ് കാണിച്ച ചിത്രത്തിൽ നിന്നും ദൃക്സാക്ഷി നിഷാന്തിനെ തിരിച്ചറിഞ്ഞതോടെയാണ് പിതാവ് സുരേഷിനെ പൊലീസ് വലയിലാക്കിയത്.

അന്വേഷണം പുരോഗമിക്കുന്നതിനിടെ നിഷാന്തിന്റെ ഫോൺ വിവരങ്ങളും സോഷ്യൽ മീഡിയ ചാറ്റുകളും പൊലീസ് പരിശോധിച്ചു. ഇതിലൂടെയാണ് കവർച്ചയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മീനാക്ഷിക്കുള്ള നിർണ്ണായക പങ്ക് വ്യക്തമായത്. നവംബർ 13-ന് പുലർച്ചെയായിരുന്നു തനിഷ്ക് ജ്വല്ലറിയിൽ വൻ കവർച്ച നടന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പൊലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.

അതേസമയം, ഒളിവിൽ കഴിയുന്ന മുഖ്യപ്രതി നിഷാന്തിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിലും പ്രത്യേക അന്വേഷണസംഘം വലവിരിച്ചിരിക്കുകയാണ്. വരും മണിക്കൂറുകളിൽ മുഖ്യപ്രതിയും പിടിയിലാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

You may also like