Home National1.27 കോടി ഹിന്ദു വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായത് എങ്ങനെ? യുപി ബിജെപിയിൽ എസ്‌ഐആറിനെച്ചൊല്ലി ഭിന്നത രൂക്ഷം

1.27 കോടി ഹിന്ദു വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായത് എങ്ങനെ? യുപി ബിജെപിയിൽ എസ്‌ഐആറിനെച്ചൊല്ലി ഭിന്നത രൂക്ഷം

by news_desk1
0 comments

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധനയായ എസ്‌ഐആറിനെച്ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നത ശക്തമാകുന്നു. സംസ്ഥാനത്ത് 1.27 കോടി ഹിന്ദു വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വെളിപ്പെടുത്തലാണ് പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ശക്തമായ ബൂത്തുതല സംവിധാനവും വിപുലമായ ഏജന്റ് ശൃംഖലയും ഉണ്ടായിട്ടും ഇത്രയും വലിയ വീഴ്ച സംഭവിച്ചതെങ്ങനെയെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ചോദ്യം.

വോട്ടർപട്ടികയിൽനിന്ന് ഇത്രയധികം പേരുകൾ ഒഴിവാക്കപ്പെട്ടത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെങ്കിൽ അത് തിരുത്താൻ മന്ത്രിമാർ എന്തുകൊണ്ട് ഇടപെട്ടില്ലെന്നും വിമർശനമുയരുന്നുണ്ട്. ബൂത്തുതലത്തിൽ ശക്തമായ നിരീക്ഷണവും ജാഗ്രതയും ഉറപ്പാക്കിയിട്ടും വീഴ്ച സംഭവിച്ചതിൽ നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

എസ്‌ഐആറിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിച്ചത് ബിജെപിയായിരുന്നു. എന്നിട്ടും ഇത്ര വലിയ പിഴവ് സംഭവിച്ചെന്ന പരസ്യപ്രതികരണം പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കുമെന്നാണ് നേതാക്കൾക്കിടയിലെ വിമർശനം.

കണക്കുകൾ പ്രകാരം ബിജെപി 1.61 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാരെയാണ് നിയോഗിച്ചത്. സമാജ്‌വാദി പാർട്ടി 1.57 ലക്ഷം പേരെയും ബിഎസ്പി 1.54 ലക്ഷം പേരെയുമാണ് നിയോഗിച്ചിരുന്നത്.

ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് 1.27 കോടി ഹിന്ദു വോട്ടർമാർ വോട്ടർപട്ടികയിൽനിന്ന് പുറത്തായതായി യോഗി ആദിത്യനാഥ് വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ സർക്കാരിലെ ചില മന്ത്രിമാർ വീഴ്ചയ്ക്ക് ഉദ്യോഗസ്ഥരെയാണ് ഉത്തരവാദികളാക്കുന്നത്. ഉദ്യോഗസ്ഥർ ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ചില്ലെന്ന വിമർശനവും ഉയർന്നു.

വോട്ടർപട്ടികയിലെ ക്രമക്കേടുകളും ഉദ്യോഗസ്ഥരുടെ പങ്കും സംബന്ധിച്ച ആരോപണങ്ങളും പ്രത്യാരോപണങ്ങളും ശക്തമായതോടെ എസ്‌ഐആർ വിവാദം ഉത്തർപ്രദേശ് ബിജെപിയിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിയൊരുക്കുകയാണ്.

You may also like