പത്തനംതിട്ട: മണ്ഡലകാല തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുക.
നട തുറന്ന് ശ്രീലകത്ത് ദീപം തെളിയിച്ചശേഷം മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിയിക്കും. തുടർന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴെ കാത്തുനിൽക്കുന്ന നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി എ. ദാമോദരൻ നമ്പൂതിരിയെയും നിലവിലെ മേൽശാന്തി സോപാനത്തേക്ക് ആനയിക്കും.
വൈകിട്ട് 6.30ഓടെ സന്നിധാനത്തും തുടർന്ന് മാളികപ്പുറത്തും പുതിയ മേൽശാന്തിമാരുടെ അവരോധ ചടങ്ങുകൾ നടക്കും. നാളെ (17ന്) വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാരാണ് ശബരിമലയിലെയും മാളികപ്പുറത്തെയും നടകൾ തുറക്കുക.
അതേസമയം, ഇന്ന് ഉച്ചയ്ക്ക് 12ന് ശേഷം മാത്രമേ നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കടത്തിവിടൂവെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12ന് മുമ്പ് നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്ന ബസ് സർവീസുകൾ അനുവദിക്കരുതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്.
