Home Keralaചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പക; സൂത്രധാരൻ മാളവിക ജ്വല്ലറി ഉടമ ജയറാം, നിർണായക വെളിപ്പെടുത്തലുമായി പ്രതികൾ

ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പക; സൂത്രധാരൻ മാളവിക ജ്വല്ലറി ഉടമ ജയറാം, നിർണായക വെളിപ്പെടുത്തലുമായി പ്രതികൾ

by news_desk1
0 comments

തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ജ്വല്ലറി വ്യാപാരത്തിലെ മത്സരവും വ്യക്തിവൈരാഗ്യവുമെന്ന് പൊലീസ്. മോഷണത്തിന്റെ സൂത്രധാരൻ മാളവിക ജ്വല്ലറി ഉടമ ജയറാമാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ജയറാമിന്റെ നിർദേശപ്രകാരമാണ് കവർച്ച നടത്തിയതെന്ന് അറസ്റ്റിലായ പ്രതികളായ അനിൽ അനൂപും ആന്റണിയും പൊലീസിന് മൊഴി നൽകിയതായാണ് വിവരം.

കേസിൽ അറസ്റ്റിലായ അനിൽ അനൂപിനെയും ആന്റണിയെയും ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അമുൽ, ജയറാം, ദിലീപ് എന്നിവരെയും നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ജയറാമിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഇയാൾക്കെതിരെ നേരത്തെയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. വയനാട് കൽപ്പറ്റയിൽ കീഴടങ്ങിയ ശ്രാവണനെ തിരുവനന്തപുരത്തെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ജയറാം രണ്ടു ദിവസം മുമ്പ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് ജ്വല്ലറി ഉടമ നന്ദകുമാർ പൊലീസിന് മൊഴി നൽകിയിരുന്നു. മുഖ്യപ്രതി അമുലും മാളവിക ജ്വല്ലറി ഉടമ ജയറാമും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.

മഹാരാഷ്ട്ര സ്വദേശിയും സ്വർണ ഏജന്റുമായ അമുലാണ് വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ തകർക്കാൻ പദ്ധതി തയ്യാറാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിനായി ക്രിമിനൽ പശ്ചാത്തലമുള്ള അനിലിനെയും ഒപ്പം കൂട്ടി. രേഖകളില്ലാത്ത സ്വർണമായതിനാൽ കവർച്ച നടന്നാലും പരാതിയുണ്ടാകില്ലെന്നായിരുന്നു പ്രതികളുടെ കണക്കുകൂട്ടൽ. മോഷ്ടിച്ച സ്വർണം പങ്കിട്ടെടുക്കാനും ധാരണയുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

കവർച്ച നടന്ന ദിവസം രാവിലെ നന്ദകുമാറുമായി ലക്ഷങ്ങളുടെ സ്വർണ ഇടപാട് അമുൽ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. സ്വർണം തട്ടിയെടുക്കാനുള്ള ചുമതല മോഷണക്കേസ് പ്രതിയായ അനൂപിനെയാണ് ഏൽപ്പിച്ചത്. നന്ദകുമാർ കടയിൽനിന്ന് ഇറങ്ങുന്ന വിവരം പ്രതികൾക്ക് ചോർത്തിനൽകിയത് ശ്രാവണനാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ശനിയാഴ്ച രാത്രിയോടെ അമുൽ ഉൾപ്പെടെ ആറു പ്രതികൾ പിടിയിലായിരുന്നു. വയനാട് ലക്കിടിയിൽനിന്ന് നാലുപേരെയും തിരുവനന്തപുരത്തുനിന്ന് രണ്ടുപേരെയുമാണ് പൊലീസ് പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചത്.

വ്യാഴാഴ്ച രാത്രി 10.30ഓടെയായിരുന്നു ചാലയിൽ കവർച്ച നടന്നത്. വർഷങ്ങളായി ചാലയിൽ സ്വർണക്കട നടത്തിവരുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിൽനിന്നാണ് ബൈക്കിലെത്തിയ സംഘം സ്വർണം കവർന്നത്. രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങാൻ ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.

കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ബൈക്കിലെത്തിയ ഒരാൾ സ്വർണവുമായി കടന്നുകളയുന്നതും മറ്റൊരു ദൃശ്യത്തിൽ രണ്ടുപേർ ബൈക്കിൽ പോകുന്നതും വ്യക്തമായിരുന്നു. പ്യൂരിഫൈ ചെയ്യുന്നതിനായി മറ്റു കടക്കാർ ഏൽപ്പിച്ച സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് നന്ദകുമാർ വ്യക്തമാക്കിയിരുന്നു. നാലോ അഞ്ചോ കടകളിലെ സ്വർണം ഇതിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഹോണ്ട ഇആർ 350 ബൈക്കിലാണ് എത്തിയതെന്ന് കണ്ടെത്തി. തുടർന്നുള്ള അന്വേഷണവും ചോദ്യം ചെയ്യലുമാണ് കവർച്ചയ്ക്ക് പിന്നിലെ ആസൂത്രണവും പ്രതികൾ തമ്മിലുള്ള ബന്ധവും പുറത്തുകൊണ്ടുവന്നത്.

You may also like