കോഴിക്കോട്: സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയിൽ അതൃപ്തി പുകയുന്നു. പാർട്ടിയെ നയിക്കാൻ അധ്യക്ഷൻ തന്നെ രംഗത്തില്ലെന്ന പരാതിയുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. പാർട്ടി പരിപാടികളിലും സമരങ്ങളിലും സജീവമാകുന്നില്ലെന്നും കൃത്യമായി കോർ കമ്മിറ്റി യോഗങ്ങൾ വിളിച്ച് നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ലെന്നുമാണ് പ്രധാന ആരോപണം.
മാസത്തിൽ അഞ്ചു ദിവസം മാത്രമാണ് രാജീവ് ചന്ദ്രശേഖർ കേരളത്തിലുണ്ടാകുന്നതെന്നാണ് നേതാക്കളുടെ പരാതി. നിലവിൽ വിദേശത്തുള്ള അധ്യക്ഷൻ പാർട്ടിക്കുള്ളിലെ നിർണായക വിഷയങ്ങളിൽ പോലും ഇടപെടുന്നില്ലെന്നും നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്.
പാർട്ടി വിടാൻ ഒരുങ്ങുന്ന പത്മജ വേണുഗോപാലിന്റെ പരാതിയിൽ പോലും രാജീവ് ചന്ദ്രശേഖർ ഇടപെട്ടിട്ടില്ലെന്നാണ് വിവരം. മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകളായ പത്മജയുടെ ബിജെപി പ്രവേശനം വലിയ ആഘോഷമാക്കിയ നേതൃത്വം, അവർ പാർട്ടി വിടുന്ന സാഹചര്യത്തിൽ അനുനയിപ്പിക്കാൻ പോലും ശ്രമിച്ചില്ലെന്നാണ് വിമർശനം. ഇക്കാര്യത്തിൽ ഇടപെടേണ്ട സംസ്ഥാന അധ്യക്ഷൻ നിലവിൽ ലണ്ടനിലാണ്. പത്തുദിവസം കഴിഞ്ഞേ അദ്ദേഹം മടങ്ങിയെത്തൂവെന്നാണ് വിവരം.
പത്മജ വേണുഗോപാൽ ഇന്ന് ഇ-മെയിൽ വഴി രാജിക്കത്ത് കൈമാറുമെന്നാണ് സൂചന. ഇതിനിടെ ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിലും സംസ്ഥാന അധ്യക്ഷന്റെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണമുണ്ടായില്ലെന്ന പരാതിയും ശക്തമാണ്.
മാധ്യമങ്ങളിൽ വലിയ ചർച്ചയായ ഫണ്ട് വിവാദം പാർട്ടിക്കുള്ളിൽ വേണ്ടവിധം ചർച്ച ചെയ്യാത്തതിലും മുതിർന്ന നേതാക്കളായ വി. മുരളീധരനും കെ. സുരേന്ദ്രനും ഉൾപ്പെടെയുള്ളവർക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. നേതൃത്വത്തിന്റെ നിഷ്ക്രിയത്വവും കൂടിയാലോചനകളുടെ അഭാവവും ബിജെപിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കുകയാണ്.
