Home Keralaശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് മോഷണത്തിനിറങ്ങിയെന്ന് സംശയം; റാന്നിയിൽ യുവതികൾ പിടിയിൽ

ശബരിമല തീർഥാടകരെ ലക്ഷ്യമിട്ട് മോഷണത്തിനിറങ്ങിയെന്ന് സംശയം; റാന്നിയിൽ യുവതികൾ പിടിയിൽ

by news_desk1
0 comments

പത്തനംതിട്ട: ശബരിമല തീർഥാടനകാലത്തെ തിരക്ക് മുതലെടുത്ത് മോഷണം നടത്താനെത്തിയതാണെന്ന് സംശയിക്കുന്ന തമിഴ്‌നാട് സ്വദേശികളായ രണ്ടു യുവതികളെ റാന്നിയിൽ പൊലീസ് പിടികൂടി. വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 21,000 രൂപ കണ്ടെത്തി. കോയമ്പത്തൂർ കൊഴിഞ്ഞമ്പാറ സ്വദേശിനി പാർവതി, തൂത്തുക്കുടി അണ്ണാനഗർ സ്വദേശിനി ഗീത എന്നിവരാണ് പിടിയിലായത്. ഇരുവരും മറ്റ് പേരുകളിലും അറിയപ്പെടുന്നവരാണ്.

കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയ സ്വകാര്യ ബസിൽ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. യാത്രയ്ക്കിടെ ബസിൽവച്ച് യുവതികൾ വസ്ത്രം മാറുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് റാന്നി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.ടി. ഷിന്റോയെ വിവരമറിയിച്ചു. അദ്ദേഹം റാന്നി ഡിവൈഎസ്പി ജി. സന്തോഷ് കുമാറിനെ വിവരം ധരിപ്പിച്ചതിനെത്തുടർന്ന് പൊലീസ് സംഘം റാന്നി സ്റ്റേഷന് മുന്നിൽ ബസ് തടഞ്ഞ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.

വനിതാ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ തിരിച്ചറിയലിൽ ഇരുവരും വിവിധ സ്ഥലങ്ങളിലായി പത്തോളം മോഷണക്കേസുകളിൽ പ്രതികളാണെന്ന് വ്യക്തമായി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

You may also like