Home Kerala‘യുഡിഎഫ് സ്തുതിപാടക സംഘമല്ല, മന്ത്രിസഭയിലെ തർക്കം തുറന്നുപറഞ്ഞ് മുഖ്യമന്ത്രി

‘യുഡിഎഫ് സ്തുതിപാടക സംഘമല്ല, മന്ത്രിസഭയിലെ തർക്കം തുറന്നുപറഞ്ഞ് മുഖ്യമന്ത്രി

by news_desk1
0 comments

ഡൽഹി: യുഡിഎഫ് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായെന്ന് തുറന്നുസമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. എന്നാൽ ചർച്ചകൾക്കൊടുവിൽ എല്ലാ വിഷയങ്ങളിലും ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും ഇതാണ് ജനാധിപത്യത്തിന്റെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭയിൽ തർക്കമുണ്ടായെന്ന് അഭിമാനത്തോടെ പറയുന്നുവെന്നും യുഡിഎഫ് മന്ത്രിസഭ സ്തുതിപാടക സംഘമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ഇത് പിണറായി വിജയന്റെ ക്യാബിനറ്റല്ല. പോക്കറ്റിൽനിന്ന് കടലാസ് എടുത്ത് നൽകുമ്പോൾ അതിന് അംഗീകാരം നൽകുന്ന രീതിയല്ല യുഡിഎഫിന്റേത്” എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. മന്ത്രിസഭാ യോഗത്തിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവസരമുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജനീഷ് പോലും തന്റെ മുഖത്തുനോക്കി അഭിപ്രായം പറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പല വിഷയങ്ങളിലും മന്ത്രിസഭയിൽ തർക്കങ്ങളുണ്ടായെങ്കിലും അന്തിമ തീരുമാനങ്ങളിൽ ടീം യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തീരുമാനത്തിലെത്താൻ കഴിയാത്ത വിഷയങ്ങൾ മാറ്റിവയ്ക്കും. തീരുമാനമെടുത്താൽ എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകും. പിണറായി വിജയന്റെ മന്ത്രിസഭയെ വിമർശിച്ച മുഖ്യമന്ത്രി, പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ട വിവരം മറച്ചുവച്ചാണ് അന്നത്തെ മന്ത്രിസഭ യോഗത്തിൽ അവതരിപ്പിച്ചതെന്നും ആരോപിച്ചു.

അതേസമയം, പി.എസ്.സി അംഗങ്ങളുടെ പട്ടികയെച്ചൊല്ലി മന്ത്രിസഭയിൽ തർക്കമുണ്ടായോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി നേരിട്ട് മറുപടി നൽകിയില്ല. നിർദേശിക്കപ്പെട്ട പേരുകളെല്ലാം ശരിയാണെന്നും ഓരോരുത്തരും വ്യത്യസ്ത രീതിയിലാണ് അഭിപ്രായം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ അഭിപ്രായപ്രകടനങ്ങൾ തർക്കമായി തോന്നാമെന്നും കൂട്ടിച്ചേർത്തു.

പി.എസ്.സി അംഗങ്ങളെ പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ തെറ്റായ നടപടിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എന്നാൽ ഇതിന്റെ മറവിൽ മറ്റ് ക്രമക്കേടുകൾ മറച്ചുവയ്ക്കാമെന്ന് പ്രതിപക്ഷം കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സർക്കാരിന്റെ ആറുമാസത്തെ നേട്ടങ്ങൾ വിശദീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ജനങ്ങൾക്ക് നൽകിയ രണ്ട് വാഗ്ദാനങ്ങൾ നടപ്പാക്കിയെന്നും കേന്ദ്രസർക്കാരിൽനിന്ന് പരമാവധി സാമ്പത്തിക സഹായം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആറുമാസത്തിനുള്ളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ.

നൂറുദിവസത്തിനുള്ളിൽ 568 പദ്ധതികൾ പൂർത്തിയാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like