തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡർമാരുടെ സമരം ഇത്രത്തോളം വഷളാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശനാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രതിപക്ഷത്തിരുന്നപ്പോൾ നടപ്പാക്കാനാകാത്ത വാഗ്ദാനങ്ങൾ വരെ അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്ന് പറഞ്ഞ് സമരങ്ങൾക്ക് തീ കൊളുത്തിയതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്നും അദ്ദേഹം വിമർശിച്ചു.
എൽപിഎസ്ടി റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളുടെ സമരം, മയിൽപ്പീലി സ്കോളർഷിപ്പ് വിവാദം, അധ്യാപകരുടെ സ്ഥലംമാറ്റം, പരിശീലനത്തിലെ വീഴ്ചകൾ തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശിവൻകുട്ടി സർക്കാരിനെതിരെ രംഗത്തെത്തിയത്. മാധ്യമങ്ങളോട് സംസാരിക്കവെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
വിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗ് ഏറ്റെടുത്തതിനെതിരെയും വിമർശനമുയർത്തിയ ശിവൻകുട്ടി, വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കാനുള്ള ആർഎസ്എസ് ശ്രമങ്ങൾക്ക് ലീഗ് പൂർണമായും കീഴടങ്ങിയെന്നാണ് ആരോപിച്ചത്.
അധ്യാപകർക്ക് കൃത്യമായ പരിശീലനം നൽകുന്നതിൽ വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ സർക്കാരിന്റെ കാലത്ത് കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകിയിരുന്നു. സെൻസസ് പോലുള്ള ജോലികൾക്കായി അധ്യാപകർ പോകുമ്പോൾ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ ഡെയിലി വേജ് അധ്യാപകരെ നിയമിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോൾ കുട്ടികൾ ക്ലാസുകളിൽ അധ്യാപകരില്ലാതെ വെറുതെയിരിക്കേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ വകുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങൾ നടക്കുന്നതായും ശിവൻകുട്ടി വിമർശിച്ചു. ഇത്തരം ക്രമരഹിതമായ സ്ഥലംമാറ്റങ്ങൾ അക്കാദമിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
