Home Keralaക്രിസ്മസ് വിപണിക്ക് തിരിച്ചടി; ആലപ്പുഴയിൽ പക്ഷിപ്പനി, 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

ക്രിസ്മസ് വിപണിക്ക് തിരിച്ചടി; ആലപ്പുഴയിൽ പക്ഷിപ്പനി, 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

by news_desk1
0 comments

ആലപ്പുഴ: ക്രിസ്മസ് വിപണി സജീവമാകാനിരിക്കെ ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത് കർഷകർക്ക് കനത്ത തിരിച്ചടിയായി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലും പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും. രോഗബാധിത മേഖലകളിലെ പക്ഷികളെ ഇന്ന് മുതൽ നശിപ്പിക്കുന്ന നടപടികൾ ആരംഭിക്കും.

രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിലാണ് ഏവിയൻ ഇൻഫ്ലുവൻസയുടെ എച്ച്5എൻ1 വകഭേദമാണെന്ന് കണ്ടെത്തിയത്. രോഗവ്യാപനം നിയന്ത്രിക്കാൻ നിരീക്ഷണ മേഖലകളിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി എന്നിവയുടെ വിൽപനയ്ക്കും കടത്തലിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ നഗരസഭയിലെ 13 വാർഡുകൾ, ഹരിപ്പാട്, മാവേലിക്കര നഗരസഭകൾ, 36 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. ഇതിൽ നാല് പഞ്ചായത്തുകൾ പത്തനംതിട്ട ജില്ലയിലാണ്. ക്രിസ്മസ് അടുത്തിരിക്കെ താറാവ്, കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർക്ക് തീരുമാനം വലിയ സാമ്പത്തിക ആഘാതമാകും.

പക്ഷിപ്പനി മനുഷ്യരിലേക്കും പകരാൻ സാധ്യതയുള്ളതിനാൽ വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പനി, ശക്തമായ ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കഫത്തിൽ രക്തം കാണപ്പെടുന്നതും ഗുരുതരമായ ശ്വാസകോശ അണുബാധകളും അപകടസൂചനകളാണ്.

അതേസമയം, കഴിഞ്ഞ തവണ പക്ഷികളെ കൊന്നൊടുക്കിയതിന്റെ നഷ്ടപരിഹാരത്തുക പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കർഷകരുടെ പരാതി. പുതിയ വ്യാപനവും കൂട്ടനശീകരണ നടപടിയും വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

You may also like