Home Keralaഡേറ്റിങ് ആപ്പിലെ പരിചയം, വ്യാജ ട്രേഡിങ്, വാട്‌സാപ്പ് ചെലാൻ; കൊച്ചിയിൽ കോടികളുടെ സൈബർ തട്ടിപ്പ്

ഡേറ്റിങ് ആപ്പിലെ പരിചയം, വ്യാജ ട്രേഡിങ്, വാട്‌സാപ്പ് ചെലാൻ; കൊച്ചിയിൽ കോടികളുടെ സൈബർ തട്ടിപ്പ്

by news_desk1
0 comments

കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് നിക്ഷേപം നടത്തിയ ഡോക്ടർക്ക് 1.57 കോടി രൂപ നഷ്ടം. ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിനൊപ്പം ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ തട്ടിപ്പും വ്യാജ ആർ.ടി.ഒ. ചെലാൻ ലിങ്കുകൾ വഴിയുള്ള പണംതട്ടിപ്പും കൊച്ചിയിൽ വ്യാപകമാകുന്നു. വാഹന പിഴയടയ്ക്കാൻ വാട്സാപ്പിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് പണം നഷ്ടപ്പെട്ടവരുടെ പരാതികളും വർധിക്കുകയാണ്.

കളമശ്ശേരി സ്വദേശിയായ 47-കാരനായ ഡോക്ടറാണ് ഡേറ്റിങ് ആപ്പ് വഴിയുള്ള തട്ടിപ്പിൽ 1.57 കോടി രൂപ നഷ്ടപ്പെട്ടത്. പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ ‘ഗൗതമി നായർ’ എന്ന 33-കാരിയുമായി ആപ്പിലൂടെ പരിചയപ്പെട്ട ഡോക്ടറെ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ ഔദ്യോഗിക ട്രേഡിങ് പ്ലാറ്റ്ഫോമാണെന്ന് പറഞ്ഞ് വ്യാജ ആപ്പിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.

2025 ഒക്ടോബർ 16 മുതൽ ഡിസംബർ 31 വരെ ഡോക്ടറുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിൽനിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പലതവണയായി പണം കൈമാറി. നിക്ഷേപവും ലാഭവും ഡോളർ കണക്കിൽ വ്യാജ ആപ്പിൽ കാണിച്ചാണ് വിശ്വാസം നേടിയെടുത്തത്. എന്നാൽ പണമോ ലാഭമോ തിരികെ ലഭിക്കാതായതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ഡോക്ടർ ദേശീയ സൈബർ കുറ്റകൃത്യ റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകി. കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഡേറ്റിങ് ആപ്പിലെ ആശയവിനിമയ രേഖകളും പൊലീസിന് കൈമാറിയിട്ടുണ്ട്.

ഓൺലൈൻ ഫോറെക്സ് ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് രായമംഗലം സ്വദേശിയിൽനിന്ന് 2.11 കോടി രൂപ തട്ടിയെടുത്ത സംഭവത്തിലും റൂറൽ സൈബർ ക്രൈം പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബർ 9 മുതൽ നവംബർ 26 വരെയായിരുന്നു തട്ടിപ്പ്. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല ഘട്ടങ്ങളിലായി പണം നിക്ഷേപിപ്പിച്ചെങ്കിലും നിക്ഷേപമോ ലാഭമോ തിരികെ ലഭിച്ചില്ല.

ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ വാഗ്ദാനവും മറ്റൊരു തട്ടിപ്പിന് വഴിയൊരുക്കി. മുളവുകാട് സ്വദേശിനിയായ 36-കാരിയോട് പുതിയ ക്രെഡിറ്റ് കാർഡ് പ്രവർത്തനക്ഷമമാക്കാൻ നിലവിലുള്ള മറ്റൊരു കാർഡ് ഉപയോഗിക്കാമെന്ന് വിശ്വസിപ്പിച്ച് ഒ.ടി.പി. കൈക്കലാക്കി. ഇതിലൂടെ 89,904 രൂപ നഷ്ടമായി. സംഭവത്തിൽ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു.

വ്യാജ ചെലാൻ ലിങ്കിൽ കുടുങ്ങി വാഹന ഉടമകൾ

വാഹന പിഴ അടച്ചിട്ടും ഔദ്യോഗിക സൈറ്റിൽ കുടിശ്ശിക കാണിക്കുന്നതും പണം നഷ്ടമായതോടെ വീണ്ടും പിഴ അടയ്ക്കേണ്ടിവരുമോ എന്ന ആശങ്കയും ഉയർത്തി നിരവധി വാഹന ഉടമകൾ ആർ.ടി.ഒ. ഓഫീസുകളിൽ എത്തുകയാണ്. വാട്സാപ്പിലൂടെ നിയമലംഘന വിവരങ്ങളും വാഹന നമ്പറും പിഴത്തുകയും കൃത്യമായി ഉൾപ്പെടുത്തിയ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പുകാർ വിശ്വാസം നേടുന്നത്. ഔദ്യോഗിക അറിയിപ്പാണെന്ന് കരുതി ലിങ്കിൽ പ്രവേശിച്ച് പണമടയ്ക്കുന്നതോടെ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തും. ചില ലിങ്കുകൾ വഴി അക്കൗണ്ട് ഹാക്ക് ചെയ്ത് ബാങ്കിലെ മുഴുവൻ പണവും കവരുന്ന സംഭവങ്ങളുമുണ്ട്. എറണാകുളം ജില്ലയിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ പത്തോളം പേരുടെ ബാങ്ക് അക്കൗണ്ടുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടതായാണ് വിവരം.

ഗൂഗിളിൽ ‘പരിവാഹൻ ഇ-ചലാൻ’ എന്ന് തിരയുമ്പോൾ ഔദ്യോഗിക സൈറ്റിനൊപ്പം സമാന പേരിലുള്ള സ്വകാര്യ വെബ്സൈറ്റുകളും പരസ്യ ലിങ്കുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം സൈറ്റുകൾ വഴി പിഴയടയ്ക്കുന്നവരിൽനിന്ന് 500 രൂപയുടെ പിഴയ്ക്ക് പകരം 1,000 മുതൽ 2,000 രൂപ വരെ സർവീസ് ചാർജ് എന്ന പേരിൽ ഈടാക്കുന്നു. പണമടച്ചിട്ടും സർക്കാർ പോർട്ടലിൽ പിഴ കുടിശ്ശികയായി തുടരുകയും തുക നഷ്ടപ്പെടുകയും ചെയ്യുന്നു.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണുകളിലേക്കുപോലും പിഴയടയ്ക്കണമെന്ന വ്യാജ സന്ദേശങ്ങൾ എത്തുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗത കമ്മിഷണർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്ത് നൽകാനുള്ള നീക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.

You may also like