Home Top Storiesആറാം മാസത്തിൽ മന്ത്രിസഭയിൽ പൊട്ടിത്തെറി; വി.ഡി. സതീശനെതിരെ മന്ത്രിമാർ, ‘കൂടിയാലോചനയില്ലാതെ തീരുമാനമെടുക്കുന്നു’

ആറാം മാസത്തിൽ മന്ത്രിസഭയിൽ പൊട്ടിത്തെറി; വി.ഡി. സതീശനെതിരെ മന്ത്രിമാർ, ‘കൂടിയാലോചനയില്ലാതെ തീരുമാനമെടുക്കുന്നു’

by news_desk1
0 comments

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറാം മാസത്തിൽത്തന്നെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാരുടെ രൂക്ഷവിമർശനം. പി.എസ്.സി, ദേവസ്വം നിയമനങ്ങളിലടക്കം കൂടിയാലോചന നടത്താതെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതിയാണ് മന്ത്രിമാർ ഉയർത്തിയത്. വിമർശനങ്ങളും മറുപടികളുമായി യോഗം രണ്ടര മണിക്കൂറോളം നീണ്ടു.

പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവച്ചതോടെയാണ് തർക്കത്തിന് തുടക്കമായത്. ചർച്ച ചെയ്യാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് എ.പി. അനിൽകുമാർ വിമർശിച്ചു. എന്നാൽ അടിയന്തരമായി നിയമനം നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പി.എസ്.സി നിയമനത്തിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം നിയമനത്തിലും കൂടിയാലോചന ഉണ്ടായില്ലെന്ന് അനിൽകുമാർ ചൂണ്ടിക്കാട്ടി.

ഇതിനിടെ, മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് കെ. മുരളീധരൻ വിശദീകരിച്ചു. ഇതോടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫും വിമർശനവുമായി രംഗത്തെത്തി. കെ.പി.സി.സി അധ്യക്ഷനായിട്ടുപോലും പല കാര്യങ്ങളും അറിയുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ചില വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ബോർഡ്, കോർപ്പറേഷൻ വിഭജനത്തിലും അതൃപ്തി ഉയർന്നു. ആർ.എസ്.പിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഷിബു ബേബി ജോണും വിമർശനമുന്നയിച്ചു. മന്ത്രിസഭയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്ന പരാതിയാണ് വിവിധ മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ചത്.

അധികാരത്തിലെത്തി ആറാം മാസത്തിൽ മന്ത്രിസഭയ്ക്കുള്ളിൽത്തന്നെ ഇത്തരമൊരു തുറന്ന വിമർശനം ഉയർന്നത് അസാധാരണ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്. വിഷയങ്ങളിൽ വിശദമായ ചർച്ച നടന്നതോടെ മന്ത്രിസഭാ യോഗം രണ്ടര മണിക്കൂറോളം നീണ്ടു.

You may also like