തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷനിലെ (പിഎസ്സി) അഞ്ച് പുതിയ അംഗങ്ങളുടെ നിയമനത്തിൽ ഒടുവിൽ രാഷ്ട്രീയ സമവായം. നാല് ഒഴിവുകൾ കോൺഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പട്ടികയ്ക്ക് മന്ത്രിസഭ ഔദ്യോഗിക അംഗീകാരവും നൽകി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തെ അടുത്ത തവണ പരിഗണിക്കാമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്.
മുസ്ലിം ലീഗിന്റെ പ്രതിനിധിയായി മുഹമ്മദ് ഷാഫി (ഷാഫി ചാലിയം) പിഎസ്സി അംഗമാകും. ജീവനക്കാരുടെ പ്രതിനിധിയായി രമേശ് എം. തമ്പിയെയും നിയമിക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ പിഎസ്സി അംഗത്വം ലഭിച്ചില്ല.
കോൺഗ്രസിലെ കെ.സി. വേണുഗോപാൽ പക്ഷം സുധാ മേനോന്റെ പേരാണ് ആദ്യം നിർദേശിച്ചത്. എന്നാൽ അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയ സുധാ മേനോനെ നിയമിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. തുടർന്ന് സുധാ മേനോന് പകരം ആർ. സനൽകുമാറിന്റെ പേര് കെ.സി. വിഭാഗം മുന്നോട്ടുവച്ചു.
പകരം നിർദേശിച്ച പേരിൽ ധാരണയായതോടെയാണ് നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് വിരാമമായത്. അഞ്ച് ഒഴിവുകളിലേക്കുള്ള പേരുകൾ സംബന്ധിച്ച ചർച്ചകൾക്കൊടുവിൽ രാഷ്ട്രീയ സമവായം രൂപപ്പെടുകയായിരുന്നു.
