Home Localഅഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് ബെൽറ്റും മൊബൈലും വസ്ത്രങ്ങളും കണ്ടെത്തി; ഉമറിനെ ബന്ധിപ്പിക്കുന്ന നിർണായക തെളിവ്

അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് ബെൽറ്റും മൊബൈലും വസ്ത്രങ്ങളും കണ്ടെത്തി; ഉമറിനെ ബന്ധിപ്പിക്കുന്ന നിർണായക തെളിവ്

by news_desk1
0 comments

തിരുവനന്തപുരം: അഭിരാം കൊലക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട ബെൽറ്റ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ എന്നിവ കല്ലിൽ കെട്ടി കിണറ്റിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തി. വെള്ളം ഭാഗികമായി വറ്റിച്ച ശേഷം സ്കൂബാ ഡൈവർമാരുടെ സഹായത്തോടെയാണ് ഇവ പുറത്തെടുത്തത്.

മൊബൈൽ ഫോണുകളും ബെൽറ്റും കണ്ടെത്താനാകാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. പ്രതികൾ ആദ്യം മൊബൈൽ ഫോണുകൾ തോട്ടിൽ എറിഞ്ഞുവെന്നാണ് പൊലീസിനോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ തോട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

ഇന്നലെ ഉമറിനെയും വനിതാ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് തെളിവുകൾ ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. തുടർന്ന് ഉമറിനെ വീണ്ടും കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പിനായി എത്തിക്കുകയായിരുന്നു.

അഭിരാമിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ഉമറിന്റെ ബെൽറ്റ് കണ്ടെത്തിയത് അന്വേഷണത്തിൽ നിർണായകമായി. സംഭവസ്ഥലത്തേക്ക് ഉമർ എത്തിയതിന്റെ തെളിവുകൾ നേരത്തെ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. കൊലപാതകം ഒറ്റയ്ക്കാണ് നടത്തിയതെന്നായിരുന്നു ഒന്നാം പ്രതിയായ പതിനേഴുകാരന്റെ മൊഴി. ബെൽറ്റ് കണ്ടെത്തിയതോടെ ഉമറിനെ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് പൊലീസിന് ലഭിച്ചതായാണ് വിലയിരുത്തൽ.

You may also like