തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടുകൾ നിസാരമായി കാണാനാകില്ലെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും നിരീക്ഷിച്ച് പരീക്ഷാ തട്ടിപ്പ് കേസിലെ രണ്ടുപേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. മുൻ അഡീഷണൽ സെക്രട്ടറി ആർ. ഹരിയുടെയും ഒന്നാം പ്രതി പി. സതീഷിന്റെയും അപേക്ഷകളാണ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്. ഇരുവരും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സതീഷ് കഴിഞ്ഞവർഷം സർവീസിൽനിന്ന് വിരമിച്ചയാളാണ്. ആർ. ഹരി ഇപ്പോഴും സർവീസിൽ തുടരുകയാണ്.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട പരീക്ഷയിലെ ക്രമക്കേടാണ് വിവാദങ്ങൾക്ക് വഴിവച്ചത്. 56 ചോദ്യങ്ങളുടെ മൂല്യനിർണയം നടക്കാതിരുന്നതിനെ തുടർന്ന് പഴയ റാങ്ക് പട്ടിക റദ്ദാക്കി പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷയിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ലെന്ന് പിഎസ്സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണവും സ്ഥിരീകരിച്ചു.
പരീക്ഷാ നടത്തിപ്പിലും നിയമനത്തിലും വീഴ്ചയില്ലെന്നായിരുന്നു എം.ആർ. ബൈജുവും മറ്റ് അംഗങ്ങളും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ വിശദീകരണം. എന്നാൽ മൂല്യനിർണയത്തിലെ വീഴ്ചയ്ക്കുപിന്നിൽ ഗൂഢലക്ഷ്യത്തോടെയുള്ള നീക്കമുണ്ടായിരുന്നുവെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ആഭ്യന്തര വിജിലൻസിന്റെ കണ്ടെത്തൽ. സാങ്കേതിക പിഴവെന്ന വിശദീകരണത്തെയും ഈ കണ്ടെത്തൽ ചോദ്യം ചെയ്യുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്കും വലിയ വിവാദങ്ങളിലേക്കും നയിച്ച കേസിൽ കോടതി ഉത്തരവ് പ്രതികൾക്ക് തിരിച്ചടിയായി.
