Home Nationalമണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; 17 മരണം, 181 പേർ ആശുപത്രിയിൽ, മരണസംഖ്യ ഉയർന്നേക്കും

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; 17 മരണം, 181 പേർ ആശുപത്രിയിൽ, മരണസംഖ്യ ഉയർന്നേക്കും

by news_desk1
0 comments

ദില്ലി: മണിപ്പൂരിൽ പ്രാദേശികമായി നിർമിച്ച വ്യാജമദ്യം കഴിച്ച് 17 പേർ മരിച്ചു. 181 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. ചന്ദേൽ ജില്ലയിലെ ചക്പികറോങ് സബ് ഡിവിഷനിലെ അഞ്ച് ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ദുരന്തത്തിൽ മരിച്ചത്.

കഴിഞ്ഞ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായി പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിനിരയായത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടവരെ ഇംഫാൽ വെസ്റ്റിലെ ഷിജ ആശുപത്രിയിലും ഇംഫാൽ ഈസ്റ്റിലെ ബബിന ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ മദ്യം കഴിച്ചശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഉടൻ ചികിത്സ തേടണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രാദേശികമായി ലഭിക്കുന്നതും സംശയം തോന്നുന്നതുമായ മദ്യം ഉപയോഗിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.

ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിങ് ആശുപത്രികളിലെത്തി സന്ദർശിച്ചു. വ്യാജമദ്യം നിർമിച്ചവരെയും വിതരണം ചെയ്തവരെയും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇരു ആശുപത്രികളിലും വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദുരന്തത്തിൽ കൂടുതൽ പേർ ചികിത്സ തേടിയതോടെ ആരോഗ്യവകുപ്പും ജാഗ്രത ശക്തമാക്കി.

You may also like