ന്യൂഡൽഹി: മധുരയിലെ തിരുപ്പറംകുൺട്രം കുന്നിന് മുകളിലുള്ള ദർഗയ്ക്ക് സമീപത്തെ കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ സുപ്രീംകോടതിയുടെ അനുമതി. ഈ വർഷം മാത്രം ദീപം തെളിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ഭാവിയിൽ ഇതിന്റെ അടിസ്ഥാനത്തിൽ ദീപം തെളിക്കാനുള്ള അവകാശം ഉന്നയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ദീപം തെളിക്കാൻ നേരത്തെ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് ഹൈക്കോടതി അംഗീകരിച്ച വാദഗതികൾക്കുള്ള അംഗീകാരമായോ തർക്കസ്ഥലത്തിന്റെ അവകാശം സംബന്ധിച്ച അന്തിമ തീർപ്പായോ വ്യാഖ്യാനിക്കരുതെന്ന് ബെഞ്ച് വ്യക്തമാക്കി. തർക്കവിഷയത്തിൽ ഇപ്പോൾ അഭിപ്രായം പ്രകടിപ്പിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു. ആചാരങ്ങളും തർക്കസ്ഥലത്തിന്റെ അവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളും പിന്നീട് പരിഗണിക്കും.
മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ജനുവരി ആറിലെ ഉത്തരവിലെ ഒന്നു മുതൽ 140 വരെയുള്ള ഖണ്ഡികകൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സുപ്രീംകോടതി സ്റ്റേ ചെയ്തു.
നവംബർ 24നാണ് കാർത്തിക ദീപം തെളിക്കൽ ചടങ്ങ്. ചടങ്ങിന് കർശന സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഭരണകൂടത്തിനും കേന്ദ്ര സർക്കാരിനും സുപ്രീംകോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ കേന്ദ്ര വ്യവസായ സുരക്ഷാസേനയെയും വിന്യസിക്കാം.
ചടങ്ങ് നടക്കുന്ന സ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. പ്രകടനങ്ങളോ ഘോഷയാത്രകളോ നടത്താനും പാടില്ല. ചടങ്ങ്, സുരക്ഷ, മേൽനോട്ടം എന്നിവയ്ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കു മാത്രമായിരിക്കും പ്രവേശനം. അതേസമയം, സമീപത്തെ ദർഗയിലേക്കും മറ്റ് മതസ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനത്തിന് തടസ്സമുണ്ടാകരുതെന്നും കോടതി നിർദേശിച്ചു.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ദീപം തെളിക്കുന്ന ചടങ്ങിന്റെ സമയവും ദൈർഘ്യവും ജില്ലാ ഭരണകൂടം തീരുമാനിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി
