Home Top Storiesപത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിടുന്നു; ‘എടുത്തുചാട്ടത്തിൽ പശ്ചാത്താപം’

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിടുന്നു; ‘എടുത്തുചാട്ടത്തിൽ പശ്ചാത്താപം’

by news_desk1
0 comments

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ ബിജെപിയിൽനിന്ന് രാജിവയ്ക്കാനൊരുങ്ങി അർജുന അവാർഡ് ജേതാവും മുൻ കായികതാരവുമായ പത്മിനി തോമസ്. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായ പത്മിനി, ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കായികരംഗത്തോടുള്ള താൽപര്യം കണ്ടാണ് ബിജെപിയിലേക്ക് എത്തിയതെന്ന് പത്മിനി തോമസ് പറഞ്ഞു. എന്നാൽ കേരളത്തിലുൾപ്പെടെ കായികമേഖലയിൽ പ്രവർത്തിക്കാൻ തനിക്ക് അവസരം ലഭിച്ചില്ല. പാർട്ടിയിൽ ചേരാൻ ക്ഷണിച്ചപ്പോഴുണ്ടായിരുന്ന ആവേശം പിന്നീട് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും അവർ വ്യക്തമാക്കി.

പദവികൾ ആവശ്യപ്പെട്ടല്ല ബിജെപിയിൽ ചേർന്നതെന്ന് പത്മിനി പറഞ്ഞു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും അതുണ്ടായില്ല. പിന്നീട് തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം വാർഡിൽ മത്സരിക്കാൻ അവസരം നൽകി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായാണ് പത്മിനി മത്സരിച്ചത്.

തന്റെ കുടുംബം കോൺഗ്രസ് പശ്ചാത്തലമുള്ളതാണെന്നും അതിലൂടെയാണ് പൊതുസമൂഹത്തിൽ അറിയപ്പെട്ടതെന്നും പത്മിനി വ്യക്തമാക്കി. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ നേതാക്കളുടെ സഹായത്തോടെയാണ് പല കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോയത്. അന്നത്തെ കെപിസിസി അധ്യക്ഷനുമായി ചെറിയ പ്രശ്നമുണ്ടായെങ്കിലും അത് പരിഹരിക്കപ്പെട്ടില്ല. ആ സാഹചര്യത്തിലാണ് എടുത്തുചാടി ബിജെപിയിലേക്ക് പോയതെന്നും ഇപ്പോൾ അതിൽ പശ്ചാത്താപമുണ്ടെന്നും അവർ പറഞ്ഞു.

കോൺഗ്രസിലേക്ക് മടങ്ങിയെത്തുകയാണെങ്കിൽ അത് ആ പാർട്ടിയിലേക്ക് മാത്രമായിരിക്കുമെന്നും പത്മിനി വ്യക്തമാക്കി.

സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസ് 2024ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. പത്മജ വേണുഗോപാൽ രണ്ടര വർഷത്തെ ബിജെപി ബന്ധം അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് രാജി പ്രഖ്യാപിച്ചത്. രാജീവ് ചന്ദ്രശേഖറിന് ഇ-മെയിൽ വഴിയായിരുന്നു രാജിക്കത്ത് കൈമാറിയത്. ബിജെപിയിലേക്കുള്ള പ്രവേശനം എടുത്തുചാട്ടമായിരുന്നുവെന്നും ഇപ്പോൾ ആ തീരുമാനം തിരുത്തുകയാണെന്നുമായിരുന്നു പത്മജയുടെ പ്രതികരണം

You may also like